Advertisment

വീട്ടിൽ സോളാർ പ്ലാന്റ് വച്ച് കറണ്ട് ചാർജ് കുറയ്ക്കാൻ ശ്രമിച്ചവരെ കൊള്ളയിടിക്കാനുള്ള കെഎസ്ഇബിയുടെ ഭേദഗതി പൊളിച്ചടുക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. തെളിവെടുപ്പിൽ കെഎസ്ഇബിക്കെതിരേ ഉയർന്നത് ജനരോഷം. സോളാർ വച്ചവരുടെ  മിച്ചവൈദ്യുതിയുടെ പണം നൽകാതെ അടുത്ത ബില്ലടയ്ക്കാൻ ആവശ്യപ്പെടുന്നത് ഗുരുതരമെന്ന് കമ്മീഷൻ. മറുപടി നൽകാൻ കൂടുതൽ സമയം തേടി കെഎസ്ഇബി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kseb solar

തിരുവനന്തപുരം: കറണ്ട് ചാർജ് കുറയ്ക്കാൻ പുരപ്പുറ സോളാർ സ്ഥാപിച്ചവരെ കൊള്ളയടിക്കാൻ നെറ്റ് ബില്ലിംഗ് രീതിയിൽ ഭേദഗതി വരുത്താനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊളിച്ചടുക്കി. തിരുവനന്തപുരത്ത് നടത്തിയ പബ്ലിക് ഹിയറിംഗിലും തെളിവെടുപ്പിലും ജനങ്ങളുടെ പരാതികളുയർന്നതോടെ ഇതിന് കമ്മീഷൻ അനുമതി നൽകിയില്ല.

Advertisment

മാർച്ച് 20ന് ഇതേ കാര്യത്തിന് നടത്തിയ തെളിവെടുപ്പ് ഉപഭോക്താക്കളുടെ എതിർപ്പ് മൂലം പൂർത്തിയാക്കാനായിരുന്നില്ല. ഇതോടെ സോളാർ നെറ്റ് മീറ്റർ സംവിധാനത്തിൽ ഉടൻ മാറ്റമുണ്ടാക്കില്ലെന്ന് ഉറപ്പായി. 


നെറ്റ് മീറ്റർ രണ്ടാം ഭേദഗതിയ്ക്കായാണ് പൊതുതെളിവെടുപ്പ് നടത്തിയത്. പുരപ്പുറ സോളാർ വെച്ചിട്ടും വൈദ്യുതി ബിൽ കൂടുന്നതിൽ ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഏത് നിമിഷവും ഉപഭോക്താക്കൾക്ക് വൻതിരിച്ചടിയുണ്ടാക്കുന്ന ഗ്രോസ്മീറ്റർ സംവിധാനം വരുമെന്ന ആശങ്ക സോളാറിൽ നിന്ന് ജനങ്ങളെ അകറ്റുകയാണെന്നും യോഗത്തിൽ ജനങ്ങൾ ചൂണ്ടിക്കാട്ടി.

പുരപ്പുറ സൗരോർജ ഉത്പാദകഉപയോക്താക്കളുടെ 'വാർഷിക സെറ്റിൽമെന്റ് മാസം' സെപ്തംബറിൽ നിന്നു മാർച്ചിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഓരോ മാസവും മിച്ചം വരുന്ന സൗരോർജ യൂണിറ്റ് ഉപയോഗിക്കാമെന്നുള്ള ഉത്പാദകരുടെ സാധ്യത ഇല്ലാതായി. കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ചെയ്തതോടെ വലിയ തുകയുടെ ബില്ലുകൾ വരാൻ തുടങ്ങി.

സംസ്ഥാനത്ത് നിലവിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചവരെല്ലാം സെപ്തംബർ സെറ്റിൽമെന്റ് മാസം എന്ന് കണ്ടാണ് സ്ഥാപിച്ചത്. പെട്ടെന്ന് കെ.എസ്.ഇ.ബി ഇത് മാറ്റിയത് എന്തിനാണെന്ന് പൊതുതെളിവെടുപ്പിൽ ഉപഭോക്താക്കൾ ചോദിച്ചതോടെ കെ.എസ്.ഇ.ബിക്ക് ഉത്തരം മുട്ടി. വിശദീകരണം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

വൈദ്യുതി ഉപഭോഗം കൂടുന്ന മാസത്തിൽനിന്ന് സെറ്റിൽമെന്റ് മാസം പഴയതുപോലെ ആക്കണമെന്ന ആവശ്യം തെളിവെടുപ്പിൽ ഉന്നയിക്കപ്പെട്ടു. ഉത്പാദകൻ നേരിട്ട് ഉപയോഗിക്കുന്ന സൗരോർജത്തിനും ഫിക്സഡ് നിരക്ക് ഏർപ്പെടുത്തിയതും യോഗത്തിൽ ഉന്നയിച്ചു. സോളാർ ഉപഭോക്താക്കളുടെ വാട്സ് ആപ്പ് കൂട്ടായ്മയും യോഗത്തിൽ പരാതി അറിയിച്ചു.


നിലവിലെ ബില്ലിംഗ് രീതി അടുത്ത വർഷം ഏപ്രിൽ വരെ തുടരും. ബില്ലിംഗ് സംവിധാനം മാറ്റുന്നെങ്കിൽ അത് വിശദമായ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം മാത്രമായിരിക്കുമെന്നും കമ്മിഷൻ ഉറപ്പ് നൽകി. സോളാർ ഉത്പാദകർക്ക് മിച്ചവൈദ്യുതിയുടെ പണം നൽകാതെ അവരോട് അടുത്ത ബില്ലിന് വീണ്ടും പണമടയ്ക്കാൻ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി.


ഉത്പാദകർ ആവശ്യമുള്ളതിനെക്കാൾ കൂടുതലായി ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 2.69 രൂപ നിരക്കിൽ ബോർഡ് നൽകണം. സാമ്പത്തികവർഷാവസാനമാണ് ഇത് കണക്കാക്കുന്നത്. എന്നാൽ, ഈ പണം ഉത്പാദകർക്ക് കൈമാറാതെത്തന്നെ അടുത്ത ബില്ലിന് ഉത്പാദകരിൽനിന്ന് പണം ഈടാക്കുകയാണ്. അടുത്ത ബില്ലുകളിൽ ഇത് തട്ടിക്കിഴിക്കാറുമില്ല. പണം കിട്ടാൻ ഓരോ തവണയും അപേക്ഷിക്കണം. ഇത് അന്യായമാണെന്ന് ഉത്പാദകർ പറഞ്ഞു.

ട്രാൻസ്‌ഫോമറിന്റെ ശേഷിയുടെ 90 ശതമാനം സോളാർ പ്ലാന്റുകൾ അനുവദിക്കണമെന്ന കമ്മിഷന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് ബോർഡ് അറിയിച്ചു. നിലവിലുള്ള 75 ശതമാനം മതി. സോളാർ പ്ലാന്റുകൾ വ്യാപകമാകുന്നതോടെ ബോർഡിനുണ്ടാകുന്ന സാങ്കേതിക, വാണിജ്യപ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി ജൂൺ 10-നകം റിപ്പോർട്ട് നൽകുമെന്നും മറുപടിക്കായി അതുവരെ സമയം വേണമെന്നും ബോർഡ് ആവശ്യപ്പെട്ടത് കമ്മിഷൻ അംഗീകരിച്ചു.

സോളാർ പ്ലാന്റിൽ ഉത്പാദിപ്പിച്ചത് എത്ര വൈദ്യുതി, ഓരോ സമയത്തും ഉപയോഗിച്ചത് എത്ര, മിച്ചമെത്ര, അതിനുള്ള വില എന്നിങ്ങനെ വേർതിരിച്ച് സോളാർ ഉത്പാദകർക്ക് മലയാളത്തിൽ ബിൽ നൽകണമെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

നിലവിൽ സോളാർ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ഉപഭോക്താവ് ഗ്രിഡിൽനിന്ന് എടുത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിൽ നിന്ന് കുറച്ച് ബാക്കിവരുന്ന വൈദ്യുതിക്ക് മാത്രം ബില്ല് നൽകുന്ന രീതിയാണ്.

രണ്ടാം ഭേദഗതിയനുസരിച്ച് വൈദ്യുതിയുടെ അളവിന് പകരം വൈദ്യുതിയുടെ വിലയാണ് കണക്കിലെടുക്കുക. അതായത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ വില ഗ്രിഡിൽ നിന്ന് എടുക്കുന്ന വൈദ്യുതിയുടെവിലയിൽ നിന്ന് കുറയ്ക്കും. 

ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 2.69 രൂപയും ഗ്രിഡിൽനിന്ന് എടുക്കുന്ന വൈദ്യുതിക്ക് ശരാശരി 4.20 രൂപയുമായിരിക്കും വില. ഇതോടെ വൻതുകയുടെ വൈദ്യുതിബില്ലായിരിക്കും കിട്ടുക. ഈ തട്ടിപ്പാണ് റഗുലേറ്ററി കമ്മീഷൻ തടഞ്ഞത്.

Advertisment