Advertisment

സംസ്ഥാനത്ത് ബിജെപി ലീഡ് ചെയ്ത 11 നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷ എംഎൽഎമാരുടേത്. ബിജെപി മുന്നണി രണ്ടാം സ്ഥാനത്ത് എത്തിയ 9 ല്‍ 5 മണ്ഡലങ്ങളും എല്‍ഡിഎഫിന്‍റേത്. അതില്‍ മൂന്നാം സ്ഥാനത്തുള്ളതും എല്‍ഡിഎഫ്. ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് കേരളത്തില്‍ സിപിഎം ശുഷ്ക്കിന്നിടത്തേ ബിജെപിയ്ക്ക് വളര്‍ച്ചയുള്ളൂ എന്ന പാഠം. വരാന്‍ പോകുന്നത് സിപിഎം - ബിജെപി പോര്‍ക്കളം ?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി തുട‍ർ ഭരണം എന്ന ചരിത്ര നേട്ടം കൈവരിച്ച ഇടത് മുന്നണിയുടെ ഭൂരിപക്ഷം ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വെറും 19 സീറ്റിൽ ഒതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാവാതെപോയ യുഡിഎഫിന് ഇപ്പോൾ 110 നിയമസഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയ മേധാവിത്വമുണ്ട്.

New Update
cpm bjp

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ രാഷ്ട്രീയ മേധാവിത്വവും മാറിമറിയുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി തുട‍ർ ഭരണം എന്ന ചരിത്ര നേട്ടം കൈവരിച്ച ഇടത് മുന്നണിയുടെ ഭൂരിപക്ഷം ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വെറും 19 സീറ്റിൽ ഒതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാവാതെപോയ യുഡിഎഫിന് ഇപ്പോൾ 110 നിയമസഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയ മേധാവിത്വമുണ്ട്.

Advertisment

ഇടത്-വലത് മുന്നണികളോട് മത്സരിച്ച് തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് അക്കൗണ്ട് തുറന്ന ബി.ജെ.പി മുന്നണിക്ക് 11 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ട്. ബി.ജെ.പിയുടെ ഈ വളർച്ച രണ്ട് മുന്നണികളിലായി തളച്ചിടപ്പെട്ട് കിടന്നിരുന്ന കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്.


കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, മണലൂര്‍, ഒല്ലൂർ, തൃശൂർ, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട എന്നിവയാണ് ബി.ജെ.പി മുന്നണിയായ എൻ.ഡി.എക്ക് ഒന്നാം സ്ഥാനം ലഭിച്ച നിയമസഭാ മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷ എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന സീറ്റുകളാണ്.

അതിൽ സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ മണ്ഡലങ്ങളുമുണ്ട്. ഒല്ലൂർ മണ്ഡലത്തിലെ പ്രതിനിധി റവന്യു മന്ത്രി കെ.രാജനും ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിനിധി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും നേമം മണ്ഡലത്തിലെ പ്രതിനിധി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമാണ്.


11 ഇടത് സീറ്റുകളിൽ ബി.ജെ.പി മുന്നണി രാഷ്ട്രീയ മേധാവിത്വം നേടി എന്ന് വരുമ്പോൾ കേരള രാഷ്ട്രീയത്തിലെ ചില പരമ്പരാഗത സങ്കൽപങ്ങൾ കൂടി പൊളിഞ്ഞടുങ്ങുന്നു. ബി.ജെ.പി നേടുന്ന വോട്ടുകളെല്ലാം കോൺഗ്രസിൻെറയും യു.ഡി.എഫിൻെറയുമാണെന്നാണ് സംസ്ഥാനത്തെ ഇടത് നേതാക്കളുടെ പതിവ് വായ്ത്താരി. എന്നാൽ മൂന്ന് മന്ത്രിമാരുടേത് ഉൾപ്പെടെ ഈ 11 സീറ്റുകളും ഇടത് പക്ഷത്തുളളതാണ്.


അപ്പോൾ ബി.ജെ.പി പിടിച്ചെടുക്കുന്ന വോട്ടെല്ലാം കോൺഗ്രസിൻേറതാണെന്ന വാദഗതി തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൻെറ ഫലം. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വേറെയും ഉദാഹരണങ്ങൾ ഇത്തവണത്തെ ഫലത്തിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പി മുന്നണി രണ്ടാം സ്ഥാനത്ത് എത്തിയത് 9 മണ്ഡലങ്ങളിലാണ്.

തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ്‌ മണ്ഡലങ്ങളിലാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയത്. ഇതിൽ കോവളവും ഹരിപ്പാടും പാലക്കാടും മഞ്ചേശ്വരവും ഒഴികെയുളള എല്ലാ മണ്ഡലങ്ങളും ഇടത് എം.എൽ.എമാരുടേതാണ്. 


കോവളത്തും പാലക്കാടും ഹരിപ്പാടും മ‍ഞ്ചേശ്വരത്തും യു.ഡി.എഫ് ആണ് ഒന്നാമതുളളത്. എന്നാൽ ബി.ജെ.പി രണ്ടാമതുളള ബാക്കി സീറ്റുകളിലെല്ലാം ഇടത് മുന്നണി മൂന്നാം സ്ഥാനത്ത് മാത്രമാണ്. നെയ്യാറ്റിൻകരയും വർക്കലയും കായംകുളവും തിരുവനന്തപുരവും എല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻഭൂരിപക്ഷത്തിൽ വിജയിച്ച സീറ്റുകളാണ്. 


ഫലത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് യു ഡി എഫിനെ തളര്‍ത്തുക എന്ന മുന്‍ നിലപാടില്‍ നിന്നും ബിജെപി പിന്നോട്ട് പോകും . പകരം സംസ്ഥാനത്തെ ഒന്നാമത്തെ ഹിന്ദു പാര്‍ട്ടിയായ സിപിഎമ്മിനെ തളര്‍ത്തുകയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യം എന്ന് ബിജെപി തിരിച്ചറിയുകയാണ്.

Advertisment