കേരളം സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു; സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി നാല് ആഗോള പരിപാടികള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kerala tourism proposal

തിരുവനന്തപുരം:  ഒരു ഡസനോളം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സാഹസിക - ക്യാമ്പിംഗ് വിനോദസഞ്ചാരത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉറച്ച് ടൂറിസം വകുപ്പ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ പരമാവധി കേരളത്തിലേക്ക് എത്തിച്ച് ആഗോള സാഹസിക ടൂറിസം മേഖലയില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ നാല് അന്താരാഷ്ട്ര പരിപാടികളാണ് കേരള ടൂറിസം നടപ്പാക്കുന്നത്. 

Advertisment

പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ്, മൗണ്ടന്‍ സൈക്ലിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ് എന്നിവയിലാണ് കേരളത്തിലെ ചില വിനോദ സഞ്ചാര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത്.

സാഹസിക വിനോദസഞ്ചാരം ഇപ്പോള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ട്. 

വാട്ടര്‍ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ടൂറിസം പ്രമോട്ടര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് വലിയ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതായും ആവേശവും സാഹസികതയും ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കര സ്ഥലമായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. വാട്ടര്‍ സ്പോര്‍ട്സ്, ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത്.

23.5 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഈ വിഭാഗവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയ്ക്ക് വരുമാനമായി ലഭിച്ചത്. പ്രദേശവാസികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചതിന് പുറമേ 3000 ത്തിലധികം സ്ഥിരജോലികള്‍ സൃഷ്ടിക്കാനും സാധിച്ചു.

ക്യാമ്പിംഗ് - സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി  സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഏകദേശം 200 ആളുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 60 പേര്‍ ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്‍ണ്ട്.

ഈ വര്‍ഷത്തെ ആദ്യ പരിപാടിയായ 'ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് കോമ്പറ്റീഷന്‍ 2024' മാര്‍ച്ച് 14 മുതല്‍ 17 വരെ ഇടുക്കിയിലെ വാഗമണില്‍ നടന്നു. ഇന്ത്യയിലെ ഏററ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രശസ്തരായ നൂറിലധികം ഗ്ലൈഡര്‍മാര്‍ പങ്കെടുത്തു. 

ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, യു.എസ്, യു.കെ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മത്സരാര്‍ത്ഥികള്‍ എത്തിയത്.

മാര്‍ച്ച് മാസം വര്‍ക്കല ബീച്ചില്‍ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര  സര്‍ഫിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നടന്നത്. ആഗോള തലത്തില്‍ തന്നെ വാട്ടര്‍ സ്പോര്‍ട്സ് ഹബ്ബാകാന്‍ മികച്ച സാധ്യതയുള്ള കേരളം രാജ്യത്തെ പ്രധാന സര്‍ഫിംഗ് കേന്ദ്രമായി വളര്‍ന്ന് വരുന്നു.

'ഇന്‍റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്' (എംടിബി കേരള- 2024) ഏഴാമത് എഡിഷന്‍ ഏപ്രിലില്‍ വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ പ്ലാന്‍റേഷനില്‍ നടന്നു. 25 രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിസ്റ്റുകള്‍ ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുത്തു.
  
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കോഴിക്കോട് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരം ചാലിയാര്‍ നദിയിലാണ് നടന്നത്.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് ടൂറിസം വകുപ്പ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

സംഘാടന മികവും സന്ദര്‍ശകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ പത്താം പതിപ്പ് ജൂലൈ 25 മുതല്‍ 28 വരെ നടക്കും.

Advertisment