Advertisment

സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉയര്‍ന്നത് പിണറായി വിജയനെതിരെ കടുത്ത വിമർശനം. ഭരണത്തിനും മുഖ്യമന്ത്രിക്കും എതിരായ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് എക്സിക്യൂട്ടിവ്. ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും വിനയായി. തൃശൂരിലെ തോൽവി സുരേഷ് ഗോപിയുടെ വ്യക്തിപരമായ നേട്ടം. സുരേഷ് ഗോപിക്കെതിരായ നെഗറ്റീവ് വാർത്തകളും അനുകൂലമായ വികാരം സൃഷ്ടിച്ചെന്ന് നേതാക്കൾ

അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ ഫലം അവലോകനം ചെയ്തുകൊണ്ട് അവതരിപ്പിച്ച റിപോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് ഈ വിമർശനങ്ങൾ ഉയർന്നത്. പാർട്ടി മത്സരിച്ച നാല് മണ്ഡലങ്ങളിലും തോറ്റു. മാവേലിക്കരയിൽ മാത്രമാണ് കുറഞ്ഞ വോട്ടിന് തോറ്റത്. ബാക്കിയെല്ലായിടത്തും വൻ മാർജിനിലാണ് തോറ്റത്. വയനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ വോട്ടിനാണ് പരാജയപ്പെട്ടതെങ്കിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നരലക്ഷമായെന്നും റിപോർട്ടിൽ പറയുന്നു. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ep jayarajan pinarai vijayan suresh gopi

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരായ വികാരമാണ് കേരളത്തിലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിലും വിമർശനം. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഈ വിമർശനം ഉയർന്നത്.

Advertisment

മുഖ്യമന്ത്രിക്കും ഭരണത്തിനും എതിരായ വികാരം യോഗത്തില്‍ അതിശക്തമായി പ്രതിഫലിച്ചു. മുന്നണി കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതും ഫലത്തെ സ്വാധീനിച്ചു. പോളിങ്ങ് ദിവസം ജയരാജൻെറ സ്ഥീരീകരണം വന്നത് പോളിങ്ങ്  ശതമാനം കുറയുന്നതിനും ഇടയാക്കിയതായി എക്സിക്യൂട്ടിവ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 


അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ ഫലം അവലോകനം ചെയ്തുകൊണ്ട് അവതരിപ്പിച്ച റിപോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് ഈ വിമർശനങ്ങൾ ഉയർന്നത്. പാർട്ടി മത്സരിച്ച നാല് മണ്ഡലങ്ങളിലും തോറ്റു. മാവേലിക്കരയിൽ മാത്രമാണ് കുറഞ്ഞ വോട്ടിന് തോറ്റത്. ബാക്കിയെല്ലായിടത്തും വൻ മാർജിനിലാണ് തോറ്റത്. വയനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ വോട്ടിനാണ് പരാജയപ്പെട്ടതെങ്കിലും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നരലക്ഷമായെന്നും റിപോർട്ടിൽ പറയുന്നു. 

കേരളത്തിൽ ഇടതുപക്ഷത്ത് നിന്ന് വൻതോതിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. അതിൽ ഒരു പങ്ക് യു.‍ഡി.എഫിനും മുഖ്യപങ്ക് ബി.ജെ.പിക്കുമാണ് കിട്ടിയിരിക്കുന്നത്. അത് ഗൗരവമായി പരിശോധിക്കണമെന്നും റിപോർട്ട് ആവശ്യപ്പെടുന്നു. റിപോർട്ടിനെ അധികരിച്ച് നടന്ന ചർ‍ച്ചയിൽ തൃശൂരിലെ തോൽവിയാണ് പ്രധാനമായും പരാമർശിക്കപ്പെട്ടത്.


2019ലെ തോൽവിക്ക് ശേഷം തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സുരേഷ് ഗോപിയുടെ പ്രയത്നം സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ ചലനം ഉണ്ടാക്കി. ആ ഇംപാക്ട് തിരിച്ചറിയുന്നതിന് ഇടതു പക്ഷത്തിനും യു.ഡി.എഫിനും കഴിഞ്ഞില്ല.


മറ്റ് മണ്ഡലങ്ങളിൽ നിന്ന് ഏതാണ്ട് അരലക്ഷത്തോളം വോട്ടുകൾ തൃശൂരിൽ കൊണ്ടുവന്നു വോട്ടർപട്ടികയിൽ ചേർത്തു. ഫ്ളാറ്റുകളുടെ അഡ്രസിൽ ചേർത്ത ഈ വോട്ടുകളുടെ ബാഹുല്യം അവസാനമാണ് ശ്രദ്ധയിൽ പെട്ടത്. അപ്പോഴേക്കും വോട്ടർ പട്ടികയിൽ പേര് വന്നുകഴിഞ്ഞിരുന്നു. ഇതും സുരേഷ് ഗോപിക്ക് അനുകൂലമായി ഭവിച്ചു. 

മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ചത് അടക്കം സുരേഷ് ഗോപിക്ക് എതിരെ വന്ന നെഗറ്റീവ് വാർത്തകളും സ്ത്രീകൾക്കിടയിൽ അദ്ദേഹത്തിന് അനുകൂലമായ വികാരം ഉണ്ടാക്കി. സിനിമാ നടനെന്ന പ്രതിഛായയും പാവങ്ങളെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുന്നയാൾ എന്ന പ്രതിഛായയും സുരേഷ് ഗോപിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു എന്നാണ് തൃശൂരിൽ നിന്നുളള നേതാക്കൾ എക്സിക്യൂട്ടിവ് യോഗത്തിൽ അറിയിച്ചത്.

കെ.പി.രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, മന്ത്രി കെ.രാജൻ എന്നിവരാണ് എക്സിക്യൂട്ടിവിൽ ഇക്കാര്യം പറഞ്ഞത്. കരവന്നൂർ ബാങ്ക് അഴിമതിയും വലിയ തിരിച്ചടിക്ക് കാരണമായതായി നേതാക്കൾ ചൂണ്ടിക്കാട്ടി. കരുവന്നൂർ ബാങ്ക് സ്ഥിതി ചെയ്യുന്ന മന്ത്രി ആർ.ബിന്ദുവിൻെറ മണ്ഡലമായ ഇരിങ്ങാലക്കുടയിൽ ഇടത് മുന്നണി മൂന്നാം സ്ഥാനത്തായിപോയി. ഇത് അപ്രതീക്ഷിതം ആയിപ്പോയെന്നും നേതാക്കൾ പറഞ്ഞു. 


ബി.ജെ.പിയുടെ വോട്ടുകൾക്ക് ഉപരിയായി സുരേഷ് ഗോപിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകളും വിജയത്തിൽ പങ്കുവഹിച്ചു. ഇടത് ശക്തി കേന്ദ്രമായ അന്തിക്കാട് പഞ്ചായത്തിൽ വരെ സംഭവിച്ച തിരിച്ചടി ജനങ്ങൾ മുന്നണിക്ക് എതിരാണെന്ന് വ്യക്തമാക്കുന്നതായും തൃശൂർ നേതാക്കൾ എക്സിക്യൂട്ടീവിനെ അറിയിച്ചു. 


തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ കാണാനും സ്വീകരിക്കാനും വന്നവർ പോലും പന്ന്യൻ രവീന്ദ്രന് വോട്ടുചെയ്തില്ലെന്നും ചർച്ചയിൽ വിമർശിക്കപ്പെട്ടു. ജനം തോൽപ്പിച്ച് കഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതിൽ അർത്ഥമില്ലെന്ന പരിഹാസവും തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചർച്ചയിൽ ഉയർന്നു.

ജനമാണ് പിണറായിയേയും ഇടതുമുന്നണിയെയും നിഷ്കരുണം പരാജയപ്പെടുത്തിയത്. ജനം തോൽപ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നതിൽ അർത്ഥമില്ല. തെറ്റുകൾ ചെയ്തുകൂട്ടിയ സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സി.പി.ഐക്ക് ഇടതുപക്ഷത്തിന് പിന്നിൽ അണിനിരന്നിരിക്കുന്ന ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുമായിരുന്നു. സി.പി.എം അണികളുടെ പിന്തുണയും കിട്ടുമായിരന്നു.

എന്നാൽ അന്ന് ജനങ്ങൾക്കൊപ്പം നിന്ന് ഇടപെടാനോ തിരുത്തൽ ശക്തിയാകാനോ കഴിയാതെപോയി. അങ്ങനെ തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനേയെന്നും വിമ‍ർശകർ ചൂണ്ടിക്കാട്ടി. ജനത്തിന് പ്രയാസം വന്നപ്പോൾ അവർക്കൊപ്പം നിൽക്കാനായില്ല. അങ്ങനെ നിൽക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരുടെ കടമ ആണെന്നും വിമർശകർ ഓർമ്മിപ്പിച്ചു.

Advertisment