Advertisment

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കേളുവിനെ അപമാനിച്ചെന്ന ആക്ഷേപം ഉയരുന്നതിനിടയിലും വാസവന് ദേവസ്വം കൂടി നൽകിയത് രാഷ്ട്രീയ നീക്കം. ഈഴവ വിഭാഗത്തെ അനുനയിപ്പിക്കുക ലക്ഷ്യം. പട്ടികജാതിക്കാരനായ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയ സിപിഎം ആദിവാസി വിഭാഗത്തിൽ നിന്നുളള കേളുവിന് അത് നൽകാത്തതെന്തെന്ന ചോദ്യം ബാക്കി. റിയാസിനില്ലാതെപോയ സീനിയോറിറ്റി പ്രശ്നം കേളുവിനെങ്ങനെയുണ്ടായെന്നും ചോദ്യം !

കെ.രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന എല്ലാ വകുപ്പുകളും അദ്ദേഹത്തിൻറെ പിൻഗാമിയായി മന്ത്രിസഭയിലേക്ക് വരുന്ന സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ കേളുവിന് നൽകാതിരുന്നത് കേവലം ഭരണപരമായ തീരുമാനം മാത്രമല്ലെന്നാണ് വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാഠമുൾകൊണ്ടു കൊണ്ടുള്ള രാഷ്ട്രീയ തീരുമാനം കൂടിയാണിതെന്ന് കരുതപ്പെടുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
or kelu vn vasavan k radhakrishnan

 

Advertisment

തിരുവനന്തപുരം: ഇടത് സർക്കാരിൻ്റെ കാലത്ത് പട്ടിക വർഗ വിഭാഗത്തിൽ നിന്ന്  ആദ്യമായി മന്ത്രിയാകുന്ന  ഒ.ആര്‍ കേളുവിന് പട്ടിക ജാതി- പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മാത്രം നൽകിയ സി.പി.എം, ദേവസ്വം വകുപ്പ് വി എൻ വാസവന് നൽകിയതിന് പിന്നിൽ സിപിഎമ്മിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്ന് വിലയിരുത്തല്‍.

കെ.രാധാകൃഷ്ണൻ ചുമതല വഹിച്ചിരുന്ന എല്ലാ വകുപ്പുകളും അദ്ദേഹത്തിൻറെ പിൻഗാമിയായി മന്ത്രിസഭയിലേക്ക് വരുന്ന സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ കേളുവിന് നൽകാതിരുന്നത് കേവലം ഭരണപരമായ തീരുമാനം മാത്രമല്ലെന്നാണ് വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാഠമുൾകൊണ്ടു കൊണ്ടുള്ള രാഷ്ട്രീയ തീരുമാനം കൂടിയാണിതെന്ന് കരുതപ്പെടുന്നു.


മന്ത്രിസഭയിലെ ഈഴവ വിഭാഗത്തിൽ നിന്നുള്ള മന്ത്രിയായ വി.എൻ വാസവനാണ് ദേവസ്വം വകുപ്പ് നൽകിയിരിക്കുന്നത് എന്നതിൽ തന്നെ അതിന്റെ സൂചന വായിച്ചെടുക്കാം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ ഭരിച്ചിരുന്ന വകുപ്പ് വി.എന്‍ വാസവനെ തിരികെ ഏൽപ്പിക്കുന്നതിലൂടെ ഈഴവ സമുദായത്തെ അനുനയിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതത്രെ. 


എസ്.എൻ.ഡി.പിയിലെ ഒരു വിഭാഗം തിരഞ്ഞെടുപ്പിൽ സംഘപരിവാറിനൊപ്പം പോയെന്ന് വിലയിരുത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി തന്നെയാണ്, ദേവസ്വം വകുപ്പ് ഈഴവ സമുദായത്തിൽ നിന്നുള്ള മന്ത്രിയെ ഏൽപ്പിക്കാനും തീരുമാനിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഒരു വശത്ത് വിമർശനവും മറുവശത്ത് അനുനയവും എന്ന രാഷ്ട്രീയ തന്ത്രത്തിൻ്റെ പ്രകടമായ കാഴ്ചയാണിത്. 

എന്നാൽ ഈ തീരുമാനത്തിൽ സി.പി.എമ്മിൻെറ രാഷ്ട്രീയവും നയപരവുമായ ഒരു തിരിച്ചുപോക്കും ഉണ്ട് എന്നത് വ്യക്തമാണ്.

പട്ടിക ജാതിയിൽ നിന്നുള്ള കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കിയത് അബ്രാഹ്മണെരെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചത് പോലെയുള്ള വിപ്ലവകരമായ തീരുമാനം എന്നായിരുന്നു സിപിഎം നേതൃത്വം അക്കാലത്ത് അവകാശപ്പെട്ടിരുന്നത്. 


അന്ന് വിപ്ലവകരം എന്ന് വിശേഷിപ്പിച്ച ചരിത്രപരമായ തീരുമാനത്തിൽ നിന്നാണ് പാര്‍ട്ടി ഇപ്പോൾ കൃത്യമായി തിരിഞ്ഞ് നടക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. നിയമനങ്ങളിൽ സംവരണ തത്വം പാലിക്കാതെയും ഭൂരിപക്ഷ സമുദായങ്ങളെ മാത്രം പരിഗണിക്കുകയും ചെയ്ത് പോന്നിരുന്ന സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ കെ രാധാകൃഷ്ണന്‍ നടത്തിയ ഇടപെടലുകൾ ഈ തീരുമാനത്തിലൂടെ റദ്ദാക്കപ്പെടുന്നു എന്ന പ്രത്യേകതയും ഇതിൽ തെളിഞ്ഞു കാണാം.


രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ ഭരണ പരിചയത്തിലും സംഘടനാ ശ്രേണിയിലും രണ്ടാം സ്ഥാനക്കാരനായിരുന്ന കെ. രാധാകൃഷ്ണന് പിന്നോക്ക ക്ഷേമം അല്ലാതെ പ്രധാന വകുപ്പുകൾ ഒന്നും നൽകിയിരുന്നില്ല.

എം.എൽ.എയായും മന്ത്രിയായും കന്നിക്കാരനായ മുഖ്യമന്ത്രിയുടെ മരുമകൻ പി.എ.മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും ലഭിച്ചപ്പോൾ, സീനിയറായ കെ.രാധാകൃഷ്ണന് കിട്ടിയത് പിന്നാക്ക ക്ഷേമത്തിനൊപ്പം പാർലമെന്ററികാര്യവും ദേവസ്വവും ആയിരുന്നു.

എങ്കിലും പട്ടികജാതി വിഭാഗത്തിൽ നിന്നുളള കെ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നൽകിയത് ജനാധിപത്യക്രമത്തിൽ പ്രത്യാശ പകരുന്ന തീരുമാനമായിരുന്നു.സവ‍ർണ‍ർ മാത്രം ആഢ്യരായി വാഴുന്ന ദേവസ്വം വകുപ്പിന്റെ തലപ്പത്തേയ്ക്കാണ്  കെ രാധാകൃഷ്ണനൻ എന്ന അവർണ സമുദായത്തിൽ നിന്നുളള, അവിശ്വാസിയായ ഒരാൾ ദേവസ്വം മന്ത്രിയായത്. എന്നാല്‍ ആ ഉജ്വലമായ തീരുമാനത്തിന്  മൂന്ന് കൊല്ലമേ ആയുസുണ്ടായുളളു.

അകാലത്തിൽ രാധാകൃഷ്ണനെ ലോകസഭയിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ തന്നെ അത് ഒതുക്കി ഒഴിവാക്കൽ മാത്രമല്ല ചരിത്രപരമായ തീരുമാനത്തിൻെറ അന്ത്യം കുറിക്കൽ കൂടിയായിരുന്നു.

രാധാകൃഷ്ണന് പകരക്കാരനായി വരുന്ന ആദിവാസിയായ ഒ.ആര്‍ കേളുവിന്  ദേവസ്വം ഭരണം നൽകേണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചപ്പോൾ അത് പൂർത്തിയാകുകയും ചെയ്യുന്നു.

പുരോഗമന പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന  സി.പി.എം എന്ന രാഷ്ട്രീയ പാർട്ടി അതിൻെറ ഉളളിൽ പേറുന്ന പുരോഗമനമല്ലാത്ത മുഖത്തിൻെറ ദൃഷ്ടാന്തമായി അത് മാറുകയും ചെയ്യുന്നു.


ദേവസ്വത്തിൽ വിഎന്‍ വാസവനെയാണ് വഴക്കമുളള ഭരണാധികാരിയായി സി.പി.എം നേതൃത്വം കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ വിഭാഗത്തിന്റെ വോട്ട് ചോർന്ന് ബി.ജെ.പിയിലേക്ക് പോയത് ഭാവിയിൽ തടയാൻ ഈ ഒറ്റമൂലികൊണ്ട് സാധിക്കുമെന്ന വിലയിരുത്തലിലാണ് വാസവനെ തുറമുഖ വകുപ്പിന് പിന്നാലെ ദേവസ്വം കൂടി ഏൽപ്പിച്ചത്.


ഇത്തരത്തിൽ പരിഗണിക്കുന്ന സർക്കാരിനെ ഈഴവ സമുദായത്തിന് മേലിൽ കൈയ്യൊഴിയാൻ കഴിയാതെ വരുമെന്നാകും നേതൃത്വത്തിൻെറ കണക്കുകൂട്ടൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാടെങ്ങും സഞ്ചരിച്ചിട്ടും സംസ്ഥാനത്ത് ഭരണ വിരുദ്ധവികാരമുണ്ടെന്നോ പാർട്ടി അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നോ തിരിച്ചറിയാത്ത നേതൃത്വമാണ് പ്രീണനത്തിൻെറ പുതിയ അധ്യായമെഴുതുന്നതെന്നാണ് പാർട്ടിയ്ക്കകത്തെ അടക്കം പറച്ചിൽ.

ദേവസ്വം മന്ത്രിയെന്ന നിലയിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന അയിത്തത്തിന് എതിരെ കെ.രാധാകൃഷ്ണൻ ഉജ്വലമായ പോരാട്ടമാണ് നടത്തിയത്.

അയിത്തം മൂലം മന്ത്രിയ്ക്കൊപ്പം വിളക്ക് കൊളുത്താൻ വരാതിരുന്ന മേൽശാന്തിയുടെ കഥ രാധാകൃഷ്ണൻ പുറത്തുവിട്ടിട്ടും പുരോഗമന പാർട്ടിയുടെ സെക്രട്ടറിയോ മുഖ്യമന്ത്രിയോ അദ്ദേഹത്തിന് ഒരു പിന്തുണയും നൽകിയില്ല എന്നതും ചരിത്രത്തിലുണ്ട്.


അദൃശ്യമായി തുടരുന്ന ജാതിമേൽക്കോയ്മയുടെ അയിത്താചരങ്ങൾക്ക് എതിരെ മാത്രമല്ല രാധാകൃഷ്ണൻ പോരാടിയത്, ദേവസ്വം സ്കൂളുകളിലെ നിയമനങ്ങളിൽ സംവരണം കൊണ്ടുവരാനും ഇടപെട്ടു. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിഎസ് സി യ്ക്ക് തുല്യമായ സംവരണം നടപ്പാക്കിയ  മന്ത്രിയാണ് കെ.രാധാകൃഷ്ണൻ.


കോളനി പദം ഒഴിവാക്കിയത് മാത്രമല്ല, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലുളള കെ.രാധാകൃഷ്ണൻെറ ഭരണനേട്ടം. ദേവസ്വം ബോര്‍ഡില്‍  സംവരണം യാഥാര്‍ത്ഥ്യമാക്കിയ മന്ത്രിയായി കൂടി കെ രാധാകൃഷ്ണൻെറ പേര് ചരിത്രത്തിലുണ്ടാകും.

ഇടപെടലുകള്‍ അടയാളപ്പെടുത്തും. എന്നാൽ രാധാകൃഷ്ണൻെറ പകരക്കാരാനായി വരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുളള മന്ത്രിക്ക് ദേവസ്വം വകുപ്പ് നൽകാത്ത തീരുമാനവും ചില സന്ദേശങ്ങൾ നൽകുന്നുണ്ട്.

പിന്നോക്ക ക്ഷേമം മാത്രം നൽകി ദേവസ്വം, പാർലമെന്ററി വകുപ്പുകൾ എടുത്ത് മാറ്റുമ്പോൾ വേറെ വഴിയൊന്നുമില്ലാത്തത് കൊണ്ട് മന്ത്രിയാക്കാൻ നിർബന്ധിതമായി എന്നതാണ് അതിൽ നിന്ന് പുറത്ത് വരുന്ന സന്ദേശം.

അതേസമയം, കോണ്‍ഗ്രസും ബിജെപിയും അടക്കം ഈ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്. പുതുമുഖ എംഎല്‍എ ആയിരുന്ന മുഹമ്മദ് റിയാസിന് വകുപ്പുകള്‍ വാരിക്കോരി നല്‍കിയ സിപിഎം എന്തുകൊണ്ട് 8 വര്‍ഷം പരിചയ സമ്പത്തുള്ള കേളുവില്‍ നിന്നും പ്രധാന വകുപ്പുകള്‍ എടുത്തു മാറ്റി എന്നതാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്ന ചോദ്യം.

Advertisment