Advertisment

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ മലയാള സിനിമയിലെ വിഗ്രഹങ്ങൾ ഉടയും. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ കരുക്കൾ നീക്കി സിനിമാ ലോബി. പുറത്തുവിടാത്തത് പലരുടേയും സുരക്ഷയും സ്വകാര്യതയും മാനിച്ചെന്ന് സർക്കാർ. സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ചും വാഗ്ദാന പീഡനങ്ങളും തുടർക്കഥ. വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറംലോകം കാണുമോ ?

മലയാള സിനിമാമേഖലയിൽ സ്ത്രീകൾ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു 2019 ഡിസംബറിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. 5 വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുകയാണ്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
hema committee report-3

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമാ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്നാൽ ഉടയുന്ന വിഗ്രഹങ്ങൾ ഏതൊക്കെയെന്ന ചർച്ചയിലാണ് മലയാള സിനിമാ ലോകവും സിനിമാ ആസ്വാദകരും.

Advertisment

മലയാള സിനിമാമേഖലയിൽ സ്ത്രീകൾ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു 2019 ഡിസംബറിൽ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. 5 വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുകയാണ്. എങ്കിലും റിപ്പോർട്ട് പുറത്തുവരാൻ ഇടയില്ല.

കോടതി വ്യവഹാരങ്ങളിലേക്ക് പോവാനാണ് സാദ്ധ്യത. പങ്കാളിത്ത പെൻഷൻ പഠിച്ച കമ്മിറ്റിയുടെ റിപ്പോ‌ർട്ട് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചാണ് റിപ്പോർട്ടിന്റെ പകർപ്പ് സ്വന്തമാക്കിയത്. ജസ്റ്റിസ് കെ.ഹേമ കമ്മിഷനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 1,06,55,000 കോടി രൂപയാണ്.

വിവിധ ഹോട്ടലുകളിലെ സിറ്റിംഗുകൾക്കായി 2,23,129 രൂപയാണ് വിനിയോഗിച്ചു. 1,09,617 രൂപയാണ് യാത്രയ്ക്കായി ചെലവഴിച്ചത്. ശേഷിക്കുന്ന തുക കമ്മിഷന്റെ പ്രവ‌‌‌ർത്തനത്തിനായാണ് ഉപയോഗിച്ചത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യവും  പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിനെതിരെ സിനിമാ മേഖലയിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ കമ്മിഷൻ റിപോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് തടിതപ്പി.

ema committee report-2

ചലച്ചിത്ര അക്കാഡമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ അണ്ടർ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. അഞ്ചുകൊല്ലം പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജ് ആകണം ട്രൈബ്യൂണലിൽ ഉണ്ടാകേണ്ടത്.

പരാതികളിന്മേൽ ട്രയൽ നടത്തണം. കുറ്റവാളികളെ നിശ്ചിത കാലത്തേക്കു മാറ്റിനിറുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ തോതിലുള്ള വിവേചനം നേരിടുന്നതായി ബോദ്ധ്യമായിട്ടുണ്ട്. തെളിവെടുപ്പിനിടെ സംസാരിക്കാൻ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും സംസാരിക്കാൻ തയ്യാറാകാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അവസരങ്ങളിലും വേതനത്തിലും വിവേചനം അവസരങ്ങൾ, വേതനം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും വിവേചനം നേരിടുന്നത്. സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോർട്ടിൽ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവർ പലപ്പോഴും പൊലീസിൽ പരാതിപ്പെടാറില്ല. ചലച്ചിത്ര രംഗത്തെ സ്ത്രീകൾക്കുനേരെ സൈബർ ഇടങ്ങളിലും സൈബർ മാർഗങ്ങൾ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങൾ കമ്മിഷൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടർന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കും കുറ്റം ചെയ്യുന്നവർക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തിൽ നിന്നു വിലക്കുകൾ ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനും നിബന്ധനകൾ വച്ചിട്ടുണ്ട്. ശാരദ, കെ.ബി.വത്സലകുമാരി എന്നിവരുടെ അഭിപ്രായങ്ങളും വിശദമായി റിപ്പോർട്ടിലുണ്ട്.

മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മന്ത്രി എ.കെ. ബാലനുമായും ജസ്റ്റിസ് ഹേമ കമ്മിഷൻ കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ഹേമയ്ക്കു പുറമേ നടി ശാരദയും കമ്മിഷനിൽ അംഗമാണ്. രണ്ടു വർഷത്തോളമായി സിനിമാ മേഖലയിലെ നിരവധി പേരെ കണ്ട്, തെളിവെടുത്ത ശേഷമാണ് റിപ്പോർട്ട് നൽകിയത്. നടി ശാരദ, കെ.ബി.വത്സലകുമാരി (റിട്ട.ഐ.എ.എസ്) എന്നീ അംഗങ്ങളും മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.

''വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി പോലുള്ള സംഘടനകൾ വന്നതിനെ പിന്തുണച്ച് സിനിമാ മേഖലയിലെ നിരവധി പുരുഷന്മാരും സംഘടനകളും സ്വതന്ത്രാഭിപ്രായം അറിയിച്ചു. സ്ത്രീകൾ മാത്രമല്ല, നിരവധി പുരുഷന്മാരും ഈ മേഖലയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. - ഇതായിരുന്നു റിപ്പോർട്ടിനെക്കുറിച്ച് ജസ്റ്റിസ് ഹേമ പറഞ്ഞത്.

മലയാള സിനിമയെ ആകെയുലച്ച സംഭവമായിരുന്നു 2017 ലെ നടി ആക്രമണക്കേസ്. സിനിമാസംഘടനകളെ നയിച്ചിരുന്നവർക്ക് സങ്കൽപ്പിക്കാനാകാത്ത വിധം അംഗങ്ങൾ ചേരിതിരിഞ്ഞു. വിമൻ ഇൻ സിനിമ കളക്ടീവ് (‌ഡബ്ല്യൂ.സി.സി) എന്ന വേദിയുണ്ടായി. അവർ ആണധികാരത്തെ ചോദ്യം ചെയ്തു.

സിനിമയിലെ അരുതായ്മകളെക്കുറിച്ച് മീ ടൂ വെളിപ്പെടുത്തലുകൾ പതിവായി. തുടർന്ന് ഏറ്റവും സുപ്രധാന തീരുമാനം ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടായി. അതായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി. സിനിമാരംഗത്ത് വനിതകൾ നേരിടുന്ന എല്ലാവിധ ചൂഷണങ്ങളും പഠിക്കാനുള്ള ജുഡിഷ്യൽ കമ്മിറ്റി. സിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ചും വാഗ്ദ്ധാന പീഡനങ്ങളും ബ്ലാക് മെയിലിംഗ് ആരോപണങ്ങളും തുടർക്കഥയായി നിലനിൽക്കുന്നു.

ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിന് ഡബ്ലു.സി.സി വഹിച്ച പങ്ക് നിർണായകമായിരുന്നു. നടി പാർവതി തിരുവോത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം വനിതകൾ സിനിമയ്ക്കുള്ളിൽ നടത്തിയ പോരാട്ടവും ശ്രദ്ധേയമായി. എന്നാൽ റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ മടിച്ചു. ശുപാർശകൾ പഠിക്കാൻ മറ്റൊരു കമ്മിറ്റിയെ വച്ചു. കമ്മിറ്റിക്കു പിന്നാലെ കമ്മറ്റി വന്നതിനെ വിമർശിച്ച് പാർ‌വതി നടത്തിയ പരാമർശങ്ങൾ വൈറലായിരുന്നു.

റിപ്പോർട്ട് പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് പാർവതി തുറന്നുപറഞ്ഞു. കമ്മിറ്റിക്ക് മൊഴി നൽകിയ വ്യക്തിയെന്ന നിലയിൽക്കൂടിയായിരുന്നു പ്രതികരണം. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സിനിമാ മേഖലയിലെ ശക്തമായ ലോബി സർക്കാരിനെ സ്വാധീനിച്ചിരിക്കാമെന്നും പാർവതി ആരോപിച്ചു.

എന്നാൽ റിപ്പോർട്ട് കാണണമെന്ന പിടിവാശിയെന്തിനെന്നാണ് മന്ത്രി സജി ചെറിയാൻ ചോദിച്ചത്. മൊഴി നൽകിയ പലരുടേയും സുരക്ഷയും സ്വകാര്യതയും മാനിച്ച് റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് ജസ്റ്റിസ് ഹേമ തന്നെയാണ് നിർദ്ദേശിച്ചതെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.

Advertisment