നിയമസഭയിലേയ്ക്ക് വോട്ടുപിടിക്കാൻ സർക്കാരിന് വിഷയമാവുക 6 വരി അടിപൊളി ദേശീയപാത. വികസനം ചൂണ്ടിക്കാട്ടി മൂന്നാം തുടർഭരണത്തിന് പദ്ധതിയിട്ട് സർക്കാർ. എന്‍എച്ച് 66 ന്‍റെ നിര്‍മ്മാണത്തിനായി കേരളം മുടക്കിയത് 5580 കോടി. രാജ്യത്ത് ഏറ്റവും പണം മുടക്കിയതും കേരളം. മാർച്ചിൽ 4 സ്ട്രെച്ചുകളുടെ നിര്‍മ്മാണം പൂർത്തിയാക്കും. വികസനത്തിന്റെ പുതിയ മുഖമായി 6 വരി ദേശീയപാത ഉടൻ

ആറുവരിയായി ദേശീയപാത വികസിപ്പിക്കുന്നതോടെ കേരളത്തിന്റെ യാത്രാദുരിതം അവസാനിക്കുകയും വികസനത്തിന് പുതിയ മുഖം കൈവരികയും ചെയ്യുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

New Update
6 line road
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ദേശീയപാതാ വികസനം പൂർത്തിയാക്കി വികസനത്തിന്റെ പേരിൽ വോട്ടു തേടാനും മൂന്നാം തുടർഭരണം ഉറപ്പാക്കാനുമാണ് സർക്കാരിന്റെ പദ്ധതി. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. 

Advertisment

ആറുവരിയായി ദേശീയപാത വികസിപ്പിക്കുന്നതോടെ കേരളത്തിന്റെ യാത്രാദുരിതം അവസാനിക്കുകയും വികസനത്തിന് പുതിയ മുഖം കൈവരികയും ചെയ്യുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ദേശിയപാത 66ന്‍റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.


നാല് സ്ട്രെച്ചുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കാനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.


ദേശീയപാത വികസനം അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സർക്കാർ, ഓരോ മാസവും അഞ്ച് ശതമാനം നിര്‍മ്മാണ പുരോഗതി ഉണ്ടായിട്ടില്ലെങ്കില്‍ കരാറുകാരനെ നീക്കം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പെര്‍ഫോമെന്‍സ് കുറവുള്ള കരാറുകാര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ദേശീയപാതാ അതോറിട്ടിയും വ്യക്തമാക്കി. 

thalappadi chenkala road

കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. 80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മ്മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി-ചെങ്കള,  കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര - വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ദേശീയപാത നിര്‍മ്മാണത്തിന് ലഭിക്കേണ്ട വിവിധ അനുമതികള്‍ സംബന്ധിച്ചും ഉന്നതതല യോഗം ചര്‍ച്ചചെയ്തു. വിവിധ ജലാശയങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 


ഏഴോളം ജലശ്രോതസ്സുകളില്‍ നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി എന്‍എച്ച്എഐ ചോദിച്ചിട്ടുണ്ടെന്നും അഷ്ടമുടി വേമ്പനാട്ട് കായല്‍ എന്നിവിടങ്ങളില്‍ നിന്ന് അനുമതി നല്‍കി കഴിഞ്ഞതായും ബാക്കിയുള്ളവ പരിശോധിച്ച് വരുകയാണെന്നും ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.


മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പില്‍ നിന്നും മണ്ണ് എടുക്കാനുള്ള അനുമതി ലഭിച്ചശേഷം ചില സ്ഥലങ്ങളില്‍ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് അതിനാവുന്നില്ലെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടി.

kozhikode bypass

അത്തരം സാഹചര്യങ്ങളില്‍ കെട്ടിവെച്ച തുക തിരികെ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കരാറുകാര്‍ ആവശ്യപെട്ടു. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. 

ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 17,293 കേസുകളാണ് ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. 


ദേശിയപാത 66 നായി ഭൂമി ഏറ്റെടുക്കലിന്‍റെ പുരോഗതി 90 മുതല്‍ 95 ശതമാനം വരെ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. എന്‍എച്ച് 66 ന്‍റെ നിര്‍മ്മാണത്തിനായി 5580 കോടി രൂപ ഇതിനോടകം സംസ്ഥാനം മുടക്കിയിട്ടുണ്ട്. 


എന്‍എച്ച് 966 നിര്‍മ്മാണത്തിനായി 1065 കോടി രൂപയും എന്‍എച്ച് 66നായി 237 കോടി രൂപയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തിനോടാവശ്യപ്പെടുന്നുണ്ട്.

മണ്ണ് ലഭിക്കാത്തിനാലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് പ്രതീക്ഷിച്ച പുരോഗതിയുണ്ടാകാത്തതെന്ന് കരാറുകാര്‍ അഭിപ്രായപ്പെട്ടു. 50 ശതമാനത്തില്‍ താഴെ നിര്‍മ്മാണ പുരോഗതിയുള്ള സ്ട്രെച്ചുകളെ സംബന്ധിച്ച് യോഗം പ്രത്യേകമായി വിലയിരുത്തി.

ramanattukara valancherry road

അരൂര്‍ - തുറവൂര്‍ 41 ശതമാനം, തുറവൂര്‍- പറവൂര്‍ 27 ശതമാനം, പറവൂര്‍- കൊറ്റംക്കുളങ്ങര 47 ശതമാനം, കടമ്പാട്ടുകോണം - കഴക്കൂട്ടം 36 ശതമാനം എന്നിങ്ങനെയാണ് പ്രവര്‍ത്തന പുരോഗതി. ഓരോ മാസവും അഞ്ച് ശതമാനം പുരോഗതി ഉണ്ടയിട്ടില്ലെങ്കില്‍ കരാറുകാരനെ ടെര്‍മ്മിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് നാഷണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.

അരൂര്‍ - തുറവൂര്‍ റൂട്ടിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ആലപ്പുഴ എറണാകുളം കലക്ടമാര്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി പണം നൽകുന്നത്.


പ്രധാനപാതയുടെ ഇരുവശത്തും 5 മീറ്റർ വീതിയിലാണ് സർവീസ് റോഡ്. ഇതിനോട് ചേർന്നാണ് 1.5 മീറ്റർ വീതിയിൽ ഓടയും 0.5 മീറ്റർ വീതിയിൽ യൂട്ടിലിറ്റി കോറിഡോറും. ഓടയുടെ മുകളിൽ ടൈൽ പാകി നടപ്പാതയാക്കും. 

വൈദ്യുതി തൂൺ, കുടിവെള്ള പൈപ്പ് ലൈൻ എന്നിവയ്ക്കുള്ളതാണ് യൂട്ടിലിറ്റി കോറിഡോർ. സർവീസറോഡ് വൺ വേ ആണ്. ദേശീയപാത 6 വരിയായി വികസിപ്പിക്കുന്നതിനാണ് നിലവിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. 

ഇതിൽ ബസ് ബേയ്ക്ക് സ്ഥലം ഉൾപ്പെട്ടിട്ടില്ല. പാത നിർമാണം പൂർത്തിയാകുന്ന മുറയ്ക്കാണ് ബസ് ബേ നിർമിക്കുന്നത്. ഇതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കും. ഓരോ സ്ഥലത്തേയും യാത്രക്കാരുടെ തിരക്ക് അനുസരിച്ചായിരിക്കും ബസ് ബേയുടെ നീളം നിശ്ചയിക്കുക. 


രാജ്യത്തു ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതു കേരളമാണ്. 5580 കോടി രൂപയാണ് ഭൂമിയേറ്റെടുക്കുന്നതിന് 5 വർഷത്തിനിടയിൽ സംസ്ഥാനം ചെലവഴിച്ചതെന്നു കേന്ദ്രസർക്കാരിന്റെ കണക്ക് വ്യക്തമാക്കുന്നു. 


ഗുജറാത്തും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പോലും തുക ചെലവഴിച്ചിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും റോഡ് വികസനം എൻഎച്ച്എഐ നേരിട്ടു നടത്തുമ്പോഴാണ് എൻഎച്ച് 66 വികസനത്തിനു  ഭൂമിയേറ്റെടുക്കാൻ 25% ചെലവ് കേരളം വഹിച്ചത്.

Advertisment