Advertisment

വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും ; എത്തുന്നത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പൽ

New Update
hs

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേയ്‌ക്കുള്ള ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക്‌ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവർത്തനസജ്ജമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisment

രാജ്യാന്തര ചരക്ക്‌ നീക്കത്തിന്റെ നിർണായ കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്‌. വർഷം പത്തു ലക്ഷം കണ്ടയ്‌നറുകൾ കൈകാര്യം ചെയ്യാനാകുന്ന വമ്പൻ തുറമുഖമാണ്‌ വിഴിഞ്ഞം. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ കുറിച്ചു.

2000ൽ അധികം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. 400മീറ്ററിലേറെ നീളമുണ്ടാവും ഈ കപ്പലിന് . ചൈനയിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുക. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം.

രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാം. മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്കും ഇറക്കാനാവും. അതോടെ ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം വളരും. യൂറോപ്പ്, ഗൾഫ്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽ പാതയോട് 10 നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം.

വിഴിഞ്ഞത്ത് കപ്പലുകളെ നിയന്ത്രിക്കുന്നത് മദ്രാസ് ഐഐടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും. ഓട്ടമാറ്റിക്ക് നാവിഗേഷൻ സെന്റർ എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണുള്ളത്.

Advertisment