തിരുവനന്തപുരം: ഇന്ത്യൻ കാർട്ടൂൺ മേഖലയുടെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ശിഷ്യനും, കെജി ജോർജിൻ്റെ പഞ്ചവടിപ്പാലം, എ.ടി അബുവിൻ്റെ എൻ്റെ പൊന്നു തമ്പുരാൻ എന്നീ സിനിമകളിലൂടെയും, ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലൂടെയും ശ്രദ്ധേയനായ, കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാൻ കൂടിയായ കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം പ്രസന്നൻ ആനിക്കാടിന്.
പ്രശസ്ത കാർട്ടൂണിസ്റ്റും മുൻ കാർട്ടൂൺ അക്കാഡമി ചെയർമാനും, നാടക നടനുമാണ് പ്രസന്നൻ ആനിക്കാട്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിൽ രണ്ടു പ്രധാന വേഷം ചെയ്തുവരുന്നു.കേരളത്തിലെ കാര്‍ട്ടൂണ്‍ കലാ രംഗത്ത് നാലുപതിറ്റാണ്ടായി സജീവ സാന്നിദ്ധ്യം.
കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ 34 വർഷത്തെ സേവനത്തിനു ശേഷം വായ്പാ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചു.
കൈരളി ചാനൽ ഇരുപത്തിയ്ട്ട് എപ്പിസോഡുകളിൽ സംപ്രേഷണം ചെയ്ത,നടന്‍ സുരേഷ് ഗോപി അവതരിപ്പിച്ച 'ആനക്കാര്യം' ഡോക്കുസീരിയലിന് രചന നിർവഹിച്ച് ശബ്ദം പകർന്നു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച 'കാർട്ടൂൺകളരി' ഡിസി ബുക്സിന്റെ 'ആന വര' ഡോൺ ബുക്ക് സ് പ്രസിദ്ധീകരിച്ച 'ആകൃതി വികൃതി 'എന്നിവയാണ് രചനകൾ.
നിരവധി കാർട്ടൂൺ പുരസ്കാരങ്ങള്‍ക്കര്‍ഹനായി. 2006-ലെമികച്ച ഫ്രീലാന്‍സ് കാര്ട്ടൂണിസ്ടിനുള്ള കെ.എസ്.പിള്ള പുരസ്കാരം, ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ് ബംഗലുരു ഏര്‍പ്പെടുത്തിയ മായാ കമ്മത്ത് ദേശീയ കാര്‍ട്ടൂണ്‍ അവാര്‍ഡ്, കാർട്ടൂണിസ്റ്റ് പികെ മന്ത്രിയുടെ പേരില്‍ കേരള ആര്‍ട്ട് അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്കാരം എന്നിവ ലഭിച്ചു.
മുതുകുളം കളിത്തട്ടിന്റെ പ്രഥമ കാര്ട്ടൂണിസ്റ്റ് കേരള വര്‍മ അവാര്‍ഡ്, മികച്ച പൊളിറ്റിക്കല്‍ കാര്ട്ടൂണിസ്റ്റിന് ഇന്ത്യന്‍ ഹ്യൂമനിസ്റ്റ് നാഷണല്‍ ഫോറം ഏര്‍പ്പെടുത്തിയ ബഹുമതി, എക്സൈസു വകുപ്പുമായി ചേര്‍ന്നു ലളിത കല അക്കാദമി ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ ലഹരി വിരുദ്ധ കാര്‍ട്ടൂണ്‍ പുരസ്ക്കാരം, കോട്ടയം ‘ആത്മ’യുടെ ചിത്രകലാപുരസ്കാരം, ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപ്പത്രത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ടൂണ്‍ സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡ്, കാർട്ടൂണിസ്റ്റ് നാഥൻ ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
കലാകാരന്മാരുടെ സഹകരണ സംഘമായ ആർട്ടിക്സ് കേരളയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്നു.