സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം - എൻജിഒ അസോസിയേഷൻ

New Update
kerala ngo association-2

നെയ്യാറ്റിന്‍കര: സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള പരിഷ്കരണം പ്രാബല്യ തീയതിയായ 2024 ജൂലൈ ഒന്ന് കഴിഞ്ഞ് പതിനൊന്ന് മാസം പിന്നിട്ടിട്ടും ഇതിനായി കമ്മീഷനെ വയ്ക്കാൻ പോലും തയ്യാറായിട്ടില്ലാത്ത ഇടത്പക്ഷ സർക്കാർ ജീവനക്കാരെ വെല്ലുവിളിക്കുകയാണെന്നും ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. 

Advertisment

കേരള എൻ.ജി.ഒ അസോസിയേഷൻ നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിക്ക്  പോസ്റ്റൽ വോട്ടുകളിൽ ഉണ്ടായിട്ടുള്ള വൻ വർദ്ധനവ് സർക്കാർ ജീവനക്കാർ ഒന്നടങ്കം ഇടത് പക്ഷ സർക്കാരിനെ തളളി എന്നതിൻ്റെ തെളിവാണ്. 

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സംസ്ഥാനത്ത് 2019 ലെ ശമ്പളത്തിൽ ജീവിക്കേണ്ടി വരുന്ന സർക്കാർ ജീവനക്കാർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്. അയ്യഞ്ചാണ്ട് ശമ്പള പരിഷ്കരണം എന്നത് അട്ടിമറിച്ചു. 

ശമ്പളപരിഷ്കരണം എന്ന ആവശ്യം ഉന്നയിച്ച പോലീസ് അസോസിയേഷൻ സെക്രട്ടറിയെ ശകാരിക്കുകയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി. ആവശ്യം നേരത്തെ ആയിപ്പോയി എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം.

ശമ്പള പരിഷ്കരണം പ്രാബല്യ തീയതി പതിനൊന്ന് മാസം കഴിഞ്ഞത് അറിയാതെയാണ് മുഖ്യമന്ത്രിയുടെ  ഈ പ്രസ്താവന എന്നത് അപമാനകരമാണ്. സംസ്ഥാന ഭരണനിർവഹണ തലവനായ ചീഫ് സെക്രട്ടറി ചാനൽ ചർച്ചകളിൽ 10 വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

സർക്കാർ ജീവനക്കാരുടെ 18% ക്ഷാമബത്ത കുടിശ്ശികയാണ്. രാജ്യത്ത് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാത്തതിൽ ഒന്നാം സ്ഥാനത്താണ് കേരളം. അനുവദിച്ച  ക്ഷാമബത്ത കുടിശ്ശികയുടെ 117 മാസത്തെ കുടിശ്ശിക സർക്കാർ തടഞ്ഞു വെച്ചിരിക്കുന്നു. ലീവ് സറണ്ടർ ആനുകൂല്യം നിഷേധിച്ചിട്ട് ആറു വർഷമായി. 

പങ്കാളിത്ത പെൻഷൻ  അധികാരത്തിൽ എത്തിയാൽ അത് പിൻവലിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ രണ്ട് വട്ടം എഴുതിച്ചേർത്ത് പങ്കാളിത്ത പെൻഷൻ ജീവനക്കാരെ വഞ്ചിക്കുകയാണ്.

അധികാരത്തിലെത്തി 9 വർഷം കഴിഞ്ഞിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.പങ്കാളിത്ത പെൻഷൻകാരുടെ വിഹിതമായി അടച്ച തുക വായ്പയായി സർക്കാർ കേന്ദ്രസർക്കാരിൽ നിന്നും കൈപ്പറ്റിയത് 5271 ലധികം കോടി രൂപയാണ്.

പത്താം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ഏത് ജീവനക്കാർക്കും ഏത് ആശുപത്രിയിലും ക്യാഷ്ലെസ് ട്രീറ്റ്മെൻ്റ് എന്ന ആശയത്തെ മുൻനിർത്തി ഉമ്മൻചാണ്ടി സർക്കാർ മുന്നോട്ടുവച്ച മെഡിസെപ്പ് പദ്ധതി ഇന്ന് പണം കവരുന്ന പദ്ധതിയായി മാറിയിരിക്കുന്നു.

കോർപ്പറേറ്റ് ഇൻഷുറൻസ് കമ്പനികൾക്ക് ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ കൈമാറിയ ഭരണകൂടം ആവശ്യത്തിന് ചികിത്സ ഇല്ലാതെ കിടത്തി ചികിത്സയ്ക്ക് മാത്രമായി ഈ സൗകര്യത്തെ പരിമിതപ്പെടുത്തി. 

ആശ്രിത നിയമനത്തിൽ പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി അശാസ്ത്രീയതയും അപ്രായോഗികതയും കുത്തിനിറച്ച് ആശ്രിത നിയമന വ്യവസ്ഥയ്ക്ക് മരണ വാറണ്ട് നൽകിയിരിക്കുകയാണ് ഇടത് സർക്കാർ.

ആശ്രിതന് 13 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിലേ നിയമനം നൽകേണ്ടതുള്ളൂ എന്ന ചട്ടം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. മരണപ്പെടുന്നയാൾ തന്റെ ആശ്രിതന്റെ പ്രായം നോക്കി മരിക്കണമെന്ന് പറയാതെ പറയുകയാണ് സർക്കാർ.

സി.സി.എ, ഭവന വായ്പ പദ്ധതി, സർവീസ് വെയിറ്റേജ്, സ്റ്റേജ് ഫിക്സേഷൻ തുടങ്ങി ജീവനക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം  കഴിഞ്ഞ പരിഷ്കരണത്തിലൂടെ ഇടത് പക്ഷ സർക്കാർ കവർ‍ന്നെടുത്ത് കഴിഞ്ഞു. പതിനൊന്നാം ശമ്പള പരിഷ്കരണത്തിലൂടെ ഇന്ത്യയിൽ ഏറ്റവും താഴ്ന്ന ശമ്പളം വാങ്ങുന്നവരായി മാറി കേരളത്തിലെ സർക്കാർ ജീവനക്കാർ. 

ജീവനക്കാരെ തീർ‍ത്തും നിരാശപ്പെടുത്തിയ പതിനൊന്നാം ശമ്പള പരിഷ്കരണം പോലെ  കുടിശ്ശികയുള്ള ക്ഷാമബത്ത ലയിപ്പിച്ച് പരിഷ്കരണം നടപ്പിലാക്കി ജീവനക്കാരെ വഞ്ചിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അനിശ്ചിതകാല പണിമുടക്കടക്കമുള്ള അതിശക്തമായ പ്രതിഷേധങ്ങൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്നും തുടർന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ.ജി.ഒ അസോസിയേഷൻ സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.എസ്. രാഘേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. പ്രദീപ് കുമാർ, ജോർജ് ആൻ്റണി, വി.സി. ഷൈജി ഷൈൻ, മോബിഷ് പി തോമസ്, എസ്.എസ്. സജി, ഷൈൻകുമാർ ബി.എൻ, എൻ.ആർ ഷിബി, ലിജു എബ്രഹാം, സമീർ എം, ആർ. കെ. ശ്രീകാന്ത് , അനൂജ് രാമചന്ദ്രൻ, ഷാജി എസ്, എസ്.ആർ. ബിജുകുമാർ, ബാലു പവിത്രൻ, ജിതിൻ എം. രാജ്, അജയാക്ഷൻ പി.എസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment