സർക്കാർ ജീവനക്കാരെ കൊള്ളയടിച്ച ഗവൺമെൻ്റ് - മുന്‍ കെപിസിസി പ്രസിഡന്‍റ് കെ മുരളീധരൻ

New Update
ngo association march

തിരുവനന്തപുരം: ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് സർക്കാർ ജീവനക്കാരിൽ നിന്നും കൊള്ളയടിച്ചിരിക്കുന്നത് എന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

Advertisment

ശമ്പളപരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തിയ വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാരുടെ മേഖലയിൽ ഇതുപോലെ ശമ്പളം നിഷേധിക്കപ്പെട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല. കഴിഞ്ഞ ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക പോലും ഇതേവരെ നൽകിയിട്ടില്ല.

സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള പരിഷ്കരണം പ്രാബല്യ തീയതിയായ 2024 ജൂലൈ ഒന്ന് കഴിഞ്ഞ് ഒരു വർഷം പൂർത്തിയായിട്ടും ഇതിനായി കമ്മീഷനെ വയ്ക്കാൻ പോലും  തയ്യാറായിട്ടില്ല. ആറു വർഷമായി ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു.

അനിയന്ത്രിതമായ വിലക്കയറ്റം പൊതു സമൂഹത്തെ ഒന്നാകെ വേട്ടയാടുകയാണ്. പൊതുവിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാർ ജീവനക്കാർക്ക് നൽകേണ്ട ക്ഷാമബത്ത ആറു ഗഡുകളായി 18% കുടിശ്ശികയാണ്.

പങ്കാളിത്ത പെൻഷൻ അധികാരത്തിൽ എത്തിയാൽ അത് പിൻവലിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ രണ്ട് വട്ടം എഴുതിച്ചേർത്ത ഇടത് പക്ഷം അധികാരത്തിലെത്തി 9 വർഷം കഴിഞ്ഞിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയ്യാറായിട്ടില്ല.

പത്താം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ഏത് ജീവനക്കാർക്കും ഏത് ആശുപത്രിയിലും ക്യാഷ്ലെസ് ട്രീറ്റ്മെൻ്റ് എന്ന ആശയത്തെ മുൻനിർത്തി ഉമ്മൻചാണ്ടി സർക്കാർ മുന്നോട്ടുവച്ച മെഡിസെപ്പ് പദ്ധതി ഇന്ന് പണം കവരുന്ന പദ്ധതിയായി മാറ്റിയിരിക്കുന്നു.

ആശ്രിത നിയമനത്തിൽ പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി അശാസ്ത്രീയതയും അപ്രായോഗികതയും കുത്തിനിറച്ച് ആശ്രിത നിയമന വ്യവസ്ഥയ്ക്ക് മരണ വാറണ്ട് നൽകിയിരിക്കുകയാണ്. 

നിയമന നിരോധനവും റദ്ദ് ചെയ്യപ്പെടുന്ന റാങ്ക് ലിസ്റ്റുകളും മൂലം യുവജനത വഞ്ചിക്കപ്പെടുന്നു. മുഖ്യമന്ത്രി ഉപജാപക വൃന്ദങ്ങളുടെ വാഴ്ത്തു പാട്ടിൽ മതിമറന്നിരിക്കുകയാണ്.

വിദൂഷക വേഷം കെട്ടിയാടുന്നവർ മുഖ്യമന്ത്രിയെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ തയ്യാറാകണം. ആനുകൂല്യം നിഷേധം തുടരുമ്പോൾ അതിന് ഒത്താശ ചെയ്യുന്ന ഇടത് സംഘടനകൾ ജീവനക്കാരെ പരിഹസിക്കുകയാണ്.

ജൂലൈ 9 ന് കേന്ദ്രത്തിനെതിരെ പണിമുടക്ക് നടത്തുന്ന ഇടത് സംഘടനകൾ സംസ്ഥാന സർക്കാരിനെതിരെയും പ്രതികരിക്കാൻ തയ്യാറാകണം.

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങൾ ഇല്ലാത്തത്തിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഡോക്ടറെ സസ്പെൻഡ് ചെയ്യാനാണ് കേരളത്തിൻ്റെ ആരോഗ്യവകുപ്പ് മന്ത്രി തുനിഞ്ഞത്. എന്നാൽ പൊതുസമൂഹവും ഡോക്ടർമാരും അദ്ദേഹത്തോടൊപ്പം നിന്നപ്പോൾ അത് മാറ്റി പറയാൻ ആരോഗ്യവകുപ്പ് മന്ത്രി നിർബന്ധിതയായി.

അത് മറ്റാരുടെയും കുഴപ്പമല്ല സിസ്റ്റത്തിന്റെ കുഴപ്പമാണ് എന്നാണ് മന്ത്രിയുടെ വാദം. ഒരു സിസ്റ്റം തകരാറിലായാൽ അതിൻ്റെ ഉത്തരവാദി വകുപ്പും വകുപ്പ് ഭരിക്കുന്ന മന്ത്രിയുമാണ്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജിക്കത്ത് എഴുതി വാങ്ങുകയാണ് മുഖ്യമന്ത്രി ഇതിൽ ചെയ്യേണ്ടത്. ഇത് ഒരു ഡോക്ടറിൻ്റെ  മാത്രം അഭിപ്രായമല്ല കേരളത്തിലെ സർക്കാർ ആശുപത്രികളുടെ മുഴുവൻ അവസ്ഥയും ഇത്തരത്തിലാണ്.

ശസ്ത്രക്രിയയ്ക്കായി ഉപകരണങ്ങൾ വാടകക്ക് എടുക്കുകയാണ് മെഡിക്കൽ കോളേജുകൾ. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നിലത്തുകിടത്തുന്ന അവസ്ഥയിലാണ്.

രണ്ടുകൊല്ലം മുമ്പ് കേരളത്തിലെ സർക്കാർ ആശുപത്രികൾക്ക് മുമ്പിൽ ബെൻസ് കാറുകൾ നിൽക്കുന്നു അതിന് കാരണം മുതലാളിമാരെല്ലാം ചികിത്സിക്കുന്നത് സർക്കാർ ആശുപത്രിയിലാണ് എന്നു പറഞ്ഞ മുഖ്യമന്ത്രി  സ്വന്തം ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കോ സ്വന്തം ജില്ലയായ കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിലേക്കോ അല്ല മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയിട്ടുള്ളത്.

കേരളത്തിൻ്റെ ആരോഗ്യമേഖല ആകെ തകർന്നിരിക്കുകയാണ്. ഇന്ന് ആരോഗ്യ മേഖല ഒരു അനാരോഗ്യ മേഖലയായി മാറിയിരിക്കുന്നു. എട്ടുമാസം മാത്രമാണ് ഇനി ഈ സർക്കാരിൻ്റെ കാലാവധി എന്നാൽ  ജനങ്ങൾ ഇപ്പോഴേ സർക്കാരിനെ തളളി കളഞ്ഞിരിക്കുന്നു.

നിലമ്പൂരിൽ യു.ഡി.എഫിൻ്റെ വിജയം ഇടത്പക്ഷ ഭരണത്തിൻ്റെ അവസാനം കുറിച്ചിരിക്കുകയാണ്. സമസ്ത മേഖലകളിലും പരാജയപ്പെട്ട പിണറായി വിജയൻ സർക്കാരിന് ഇനി അധികാരത്തിൽ തുടരാൻ അവകാശമില്ല.

ഈ സാഹചര്യത്തിൽ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ എല്ലാ സർവ്വീസ് സംഘടനകളും ഒറ്റക്കെട്ടായി ഇടത് സർക്കാരിനെതിരെ സമര രംഗത്ത് ഇറങ്ങണം. ഈ ജനവിരുദ്ധ ഭരണകൂടത്തിന് തിരിച്ചടി നൽകാൻ സർക്കാർ ജീവനക്കാർക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വി.എസ് രാഘേഷ്, ആർ.എസ് പ്രശാന്ത് കുമാർ, ജോർജ് ആൻ്റണി, വെള്ളറട മുരളി, മൊബിഷ് പി തോമസ്, എ.പി സന്തോഷ് ബാബു, അനു ജി പി, ഷൈജി ഷൈൻ, എസ് ഷിബുകുമാർ, അരുൺ ജി ദാസ്, കെ രാജീവ്, സജീവ്,  കല്ലമ്പലം സനൂസി, സജി എസ് എസ്, സുനിൽ ജി എസ്, ജി ഹരികുമാർ, എൻ പി അനിൽകുമാർ, നിതീഷ്കാന്ത്, എസ് പി അഖിൽ, ഷൈൻ കുമാർ ബി എൻ, എൻ ആർ ഷിബി, എസ് ശരത്, ലിജു എബ്രഹാം, അനൂജ് രാമചന്ദ്രൻ, ശ്രീകാന്ത് ആര്‍കെ, ലിജി ദേവരാജ് എന്നിവർ തുടർന്ന് സംസാരിച്ചു.

Advertisment