തിരുവനന്തപുരം: മലയാള സിനിമയെ വാണിജ്യവൽക്കരിക്കുകയും മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തിലെത്തിക്കുകയും മലയാള സിനിമാ താരങ്ങൾക്ക് ആദ്യത്തെ സംഘടന രൂപീകരിക്കുകയുംചെയ്ത നിത്യഹരിതനായകൻ പ്രേംനസീറിനെക്കുറിച്ച് നടൻ ടിനിടോം ഒരു ചാനലിൽ നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആവശ്യപ്പെട്ടു.
പ്രേംനസീറിന് ചിത്രങ്ങൾ ഒന്നുമില്ലാതായപ്പോൾ അദ്ദേഹം ആകെ വിഷമിച്ചിരുന്നുവെന്നും അക്കാലത്ത് എന്നും രാവിലെ അദ്ദേഹം മേക്കപ്പിട്ട് അടൂർഭാസി, ബഹദൂർ എന്നിവരുടെ വീടുകളിൽ പോയിരുന്ന് സങ്കടപ്പെട്ടുവെന്നുമാണ് ടിനിടോം പറഞ്ഞത്. എത്ര വില കുറഞ്ഞ പരാമർശമാണ് ഈ നടൻ നടത്തിയത്.
പ്രേംനസീർ എന്ന നടൻ്റെ വ്യക്തി പ്രഭയെ ഇന്നുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. മരിക്കുന്നതുവരെയും പാവങ്ങൾക്കും രോഗം ബാധിച്ച താരങ്ങൾക്കും സഹായം ചെയ്തിട്ടുള്ള പ്രേംനസീറിനെ അവഹേളിക്കുന്ന ടി നി ടോം പ്രചാരത്തിനു വേണ്ടി എന്തും വിളിച്ചു പറയാമെന്ന് കരുതരുത്.
ഇത്രയും തരംതാഴ്ന്ന ഈ നടനെ അമ്മയെ പോലുള്ള സംഘടനയിൽ വെച്ച് വാഴിക്കുന്നത് നല്ലതല്ല. ഇന്നും ലക്ഷകണക്കിന് ആരാധകരുടെ മനസുകളിൽ പ്രേംനസീർ ജീവിക്കുകയാണ്.
ആ നടൻ്റെ മഹത്വം എന്തെന്ന് അറിയാത്ത ടിനി ടോം താൻ നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറയാത്ത പക്ഷം ആ നടനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ശക്തി ഇന്ന് കേരളത്തിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന പ്രേംനസീർ സുഹൃത് സമിതി ആരാധകർക്കുണ്ടെന്ന് ഒരു പ്രസ്താവനയിലൂടെ തെക്കൻ സ്റ്റാർ ബാദുഷ വ്യക്തമാക്കി.