തിരുവനന്തപുരം: നെറ്റ് സീറോ എമിഷൻ കേരളത്തിന് മാതൃകയാണ് നിംസ് മെഡിസിറ്റിയെന്ന് ഹരിത കേരള മിഷൻ ചെയർപേഴ്സൺ ഡോ. ടി.എൻ സീമ പറഞ്ഞു. ഹരിതകേരളം മിഷന്റെ ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.എൻ സീമ.
സർക്കാർ മുന്നോട്ടു വയ്ക്കുന്ന ജനോപകാരപ്രദമായ പല പദ്ധതികൾക്കും മാതൃകാ പ്രവർത്തനമാണ് നിംസ് മെഡിസിറ്റിയിൽ നടപ്പിലാക്കിവരുന്നതെന്നും ടി.എൻ സീമ അഭിപ്രായപ്പെട്ടു.
മറ്റുള്ള സ്ഥാപനങ്ങളെക്കാൾ ഒരു ആതുര സേവന രംഗത്ത് നിൽക്കുന്ന നിംസ് മെഡിസിറ്റിയിൽ സൗരോർജ്ജം, കാറ്റ്, മാലിന്യം എന്നിവയിൽ നിന്നും വൈദ്യുതി, മഴവെള്ള സംഭരണം, വേസ്റ്റ് മാനേജ്മെന്റ്, മെഡിക്കൽ ഓക്സിജൻ പ്ലാന്റ് തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്ന ഹരിത വ്യാവസായിക വിപ്ലവം (GIR-Green Industrial Revolution) നടത്തിവരുന്ന സ്ഥാപനമെന്ന നിലയിൽ എന്നും കേരളത്തിന് മാത്രമല്ല രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനമാണെന്നും ടി.എൻ സീമ പറഞ്ഞു.
ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിന് ആമുഖ അവതരണം നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാൻ നിർവ്വഹിച്ചു.
അഡ്വ. മഞ്ചവിളാകം ജയൻ, ഹരിത കേരള മിഷൻ സംസ്ഥാന അസിസ്റ്റൻ്റ് കോർഡിനേറ്റർ ടി.പി സുധാകരൻ, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഹരി പ്രീയ, ജില്ലാ കോർഡിനേറ്റർ അശോക്, ജെയിംസ്, സൂര്യ, ഐശ്വര്യ, നിംസ് അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ രാജ്, നിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജോസഫൈൻ വിനിത, നിംസ് കോളേജ് ഓഫ് ദന്തൽ സയൻസ് പ്രിൻസിപ്പൽ ഡോ. മഞ്ചുഷ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വൃക്ഷ തൈകളുമായി എത്തിയ വിദ്യാർത്ഥികളും ജീവനക്കാരും മറ്റു വിശിഷ്ട വ്യക്തികൾ, രോഗികളുടെ കൂട്ടിരിപ്പുകാർ ഉൾപ്പടെയുള്ളവർ പരസ്പരം വൃക്ഷ തൈകൾ കൈമാറുകയും ചെയ്തു.
ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെയും, ആറാലുമൂട് ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും ക്യാമ്പയിനിൻ്റെ ഭാഗമായി പങ്കെടുത്തു.