തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. അമ്പലംമുക്കിന് സമീപത്ത് വച്ചായിരുന്നു സംഭവം. മാരുതി ഒമിനി കാറിനാണ് തീപിടിച്ചത്. ഈ വാഹനം ഗ്യാസ് ഉപയോഗിച്ചാണ് ഓടുന്നത്. കാറിന് തീപിടിച്ച ഉടൻ തന്നെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം സംഭവിച്ചിട്ടില്ല. എന്നാൽ വാഹനം ഓഫ് ചെയ്യാതിരുന്നതിനാൽ വീണ്ടും മുന്നോട്ട് നീങ്ങി മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാർ ഭാഗികമായ കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.
ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനം കത്തി നശിച്ച സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ പല തവണയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. യാത്രികർ തലനാരിഴയ്‌ക്കായിരുന്നു രക്ഷപ്പെട്ടത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായി. മലപ്പുറം രജിസ്ട്രേഷനിലുള്ള മാരുതി 800 കാർ ആണ് അപകടത്തിൽപ്പെട്ടത്.
ഒരാഴ്ച മുമ്പ് എറണാകുളത്തും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. അങ്കമാലിക്ക് സമീപം ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലായിരുന്നു അന്ന് വാഹനത്തിന് തീപിടുത്തം ഉണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു. രാത്രിയോടെയായിരുന്നു സംഭവം നടന്നത്. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കാർ ഭാഗികമായി കത്തിനശിച്ചു.