തിരുവനന്തപുരം: കർമ്മ മണ്ഡലങ്ങളിലെ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്‌ത പ്രതിഭകളെ ആദരിക്കുവാൻ നൂറുൽ ഇസ്‌ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയിരിക്കുന്ന എപിജെ അവാർഡ് ഐ.എസ്.ആർ.ഒ. ചെയർമാനായ ഡോ.വി. നാരായണന് സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളായ നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ, നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, വൈസ് ചാൻസലർ ഡോ.ടെസ്സി തോമസ് എന്നിവർ അറിയിച്ചു.
ഒരു ലക്ഷം രൂപയും ഫലകവും, പ്രശസ്തി പ്പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിംസ് മെഡിസിറ്റിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡ് സമ്മാനിക്കും.
നാഗർകോവിൽ സ്വദേശിയായ നാരായണൻ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായിരിക്കെയാണ് ഐ.എസ്.ആർ.ഒ. ചെയർമാനായി സ്ഥാനമേൽക്കുന്നത്.
റോക്കറ്റ്, ബഹിരാകാശ വാഹനം പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ.വി. നാരായണൻ 1984-ലാണ് ഐ.എസ്.ആർ.ഒ.യിൽ ചേരുന്നത്. വിവിധ പദവികൾ വഹിച്ചശേഷം 2018 ജനുവരിയിലാണ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായത്.
ഐ.ഐ.ടി. ഖരഗ്പുരിൽനിന്ന് ക്രയോജനിക് എൻജിനീയറിങ്ങിൽ എം.ടെക്കും, എയ്‌റോസ്പെയ്‌സ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി.യും നേടി. ഐ.എസ്.ആർ.ഒ.യിൽ ചേരുന്നതിന് മുൻപ് ട്രിച്ചി ബി.എച്ച്.ഇ.എല്ലിൽ ആണ് ആദ്യം ജോലി ചെയ്തത്.
ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെ സി25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറും, ഗഗൻയാൻ പദ്ധതിയുടെ നാഷണൽ ലെവൽ ഹ്യൂമൻ റേറ്റഡ് സർട്ടിഫിക്കേഷൻ ബോർഡ് (എച്ച്.ആർ.സി.ബി.) ചെയർമാനുമായിരുന്നു.
അന്താരാഷ്ട്ര അസ്‌ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (ഐ.എ.എഫ്.) സ്പെയ്‌സ് പ്രൊപ്പൽഷൻ കമ്മിറ്റി അംഗവും, ഇന്റർനാഷണൽ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്സ് (ഐ.ഐ.എ.) അംഗവുമാണ് നാരായണൻ.
എം.ടെക്കിൽ ഐഐടി ഖരഗ്പൂരിൽ ഒന്നാം റാങ്കിനുള്ള വെള്ളി മെഡൽ, ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) സ്വർണ്ണ മെഡൽ, റോക്കറ്റ് ആൻഡ് റിലേറ്റഡ് ടെക്നോളജികൾക്കുള്ള എഎസ്ഐ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നാരായണന് ലഭിച്ചിട്ടുണ്ട്.