അവകാശ സമരങ്ങൾക്കെതിരെ പോലീസ് നടപടി ഇടതുപക്ഷ നയം - കെഎസ്ടി എംപ്ലോയീസ് സംഘ്

New Update
kst employees sangh bms

തിരുവനന്തപുരം: ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് കെ എസ് ടി എംപ്ലോയീസ് സംഘ്(ബിഎംഎസ്) -ൻ്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാരും കുടുംബാംഗങ്ങളും ആഗസ്റ്റ് ഇരുപതാം തീയതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ കേസെടുത്ത ഇടതു സർക്കാരിൻ്റെ സമര വിരുദ്ധ നയം അംഗീകരിക്കാനാവില്ല.  

Advertisment

വർദ്ധിച്ച വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ അടിസ്ഥാന ശമ്പളം മാത്രം വാങ്ങി ജോലി ചെയ്യാൻ വിധിക്കപ്പെട്ട ജീവനക്കാരുടെ വൻ പ്രകടനമാണ് സർക്കാരിനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം.  

0% ഡിഎ എന്ന ബോർഡുമായി കെ എസ് ആർ ടി സി ബസിൻ്റെ മാതൃകയുമായി നടന്ന പ്രകടനം മാധ്യമ ശ്രദ്ധ നേടുകയും, സാധാരണക്കാരിൽ സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധത വെളിപ്പെടുകയും ചെയ്തതിൻ്റെ ജാള്യതയിലാണ് സർക്കാരും, ഗതാഗതവകുപ്പും.

എല്ലാം ഭദ്രമാണെന്നും, ജീവനക്കാർ സന്തുഷ്ടരാണെന്നുമുള്ള വകുപ്പു മന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ യാഥാർത്ഥ്യം വെളിപ്പെട്ടതിൽ രോഷം കൊണ്ട സർക്കാർ പോലീസ് നടപടിയിലൂടെ ജീവനക്കാരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

നിലവിൽ 0% ക്ഷാമബത്തയിൽ ശമ്പളം പറ്റുന്ന കെ എസ് ആർ ടി സി ജീവനക്കാരൻ്റെ കുടിശിക 35 ശതമാനമാണ്. അത് വിളിച്ചു പറഞ്ഞാൽ അരിശം കൊള്ളുന്ന അധികാരികൾ കേസെടുത്ത് പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താമെന്നത് സർക്കാരിന് വ്യാമോഹം മാത്രമായി ശേഷിക്കും.

മന്ത്രിമാർക്കും, അവരുടെ പെഴ്സണൽ സ്റ്റാഫിനും ഒരു കുടിശികയുമില്ലാതെ ലക്ഷങ്ങൾ കൈപ്പറ്റുമ്പോൾ 2021-ൽ ശമ്പള പരിഷ്കരണത്തിലുണ്ടായ 7% കുടിശികയാണ് ഇന്ന് 35% ആയി ഉയർന്നിരിക്കുന്നത്.  

സർക്കാർ ജീവനക്കാർക്ക് 18% ക്ഷാമബത്ത അനുവദിക്കുമ്പോഴും, അതേ സർക്കാരിനു വേണ്ടി പണിയെടുക്കുന്ന ആർ ടി സിക്കാരനെ അവഗണിക്കുന്നതിൻ്റെ കാരണം സർക്കാർ വ്യക്തമാക്കണം.

ഒരുതരത്തിലും ജീവിത ചെലവുകൾ കൂട്ടിമുട്ടിക്കാനാവാത്ത സാഹചര്യത്തിലാണ് ബിഎംഎസ് യൂണിയൻ പ്രതിഷേധത്തിനൊരുമ്പെട്ടത്. ക്ഷാമബത്ത കുടിശിക കാരണം ഓരോ ജീവനക്കാരനും ശരാശരി പതിനായിരം രൂപയാണ് പ്രതിമാസ നഷ്ടം. 

എല്ലാ സർക്കാർ ജീവനക്കാർക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓണം ബോണസും, അഡ്വാൻസും, ഫെസ്റ്റിവൽ അലവൻസും പ്രഖ്യാപിച്ച് ആഗസ്റ്റ് 25-ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ, കെ എസ് ആർ ടി സി യെ ഒഴിവാക്കിയതായ പ്രത്യേക പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.  

ഇത്തരമൊരു സമീപനത്തിൻ്റെ കാരണം വകുപ്പ് മന്ത്രി വ്യക്തമാക്കണം.  തൊഴിലാളികളുടെ ന്യായമായ അവകാശ സമരത്തിനെതിരെ പോലീസ് കേസ്സെടുത്ത് എംപ്ലോയീസ് സംഘ് സംസ്ഥാന ഭാരവാഹികൾക്കെതിരെ നോട്ടീസ് അയച്ചിരിക്കയാണ്.

ആവശ്യങ്ങൾ അംഗീകരിച്ച്, കുടിശിക ക്ഷാമബത്തയും, ഓണാനുകൂല്യങ്ങളും അനുവദിക്കുന്നതിന് പകരം ഓണക്കാലത്ത് പോലീസ് നടപടിയിലൂടെ ജീവനക്കാരെ അരക്ഷിതാവസ്ഥയിലാക്കാമെന്ന സർക്കാർ നയം അംഗീകരിക്കാനാവില്ല.  

പ്രക്ഷോഭ സമരങ്ങളെ അടച്ചമർത്തി നമ്പർ വൺ കേരളമെന്ന് വീമ്പിളക്കി മുന്നോട്ടു പോകാമെന്ന സർക്കാരിൻ്റെ ധാരണ തിരുത്താൻ തുടർ പ്രക്ഷോഭങ്ങളിലൂടെ ബിഎംഎസിന് സാധിക്കുമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജനറൽ സെക്രട്ടറി എസ്. അജയകുമാർ പറഞ്ഞു.

Advertisment