തിരുവനന്തപുരം: സമീപകാലത്ത് ചാനലുകളിൽ സിപിഎം പ്രതിനിധിയായി ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്ന യുവ നേതാവിന് നിർബന്ധിത അവധി. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായി എന്‍.വി വൈശാഖനാണ് സിപിഎം നിർബന്ധിത അവധി നൽകിയത്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വൈശാഖനെതിരെ നടപടിയെടുത്തത്. വൈശാഖനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിൽ ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ തലത്തിൽ നടത്തുന്ന സെക്കുലർ റാലിയിൽ മേഖല ക്യാപ്റ്റനായിരുന്നു വൈശാഖൻ. കൊടുങ്ങല്ലൂർ, മാള, ചാലക്കുടി, ഒല്ലൂർ, മണ്ണൂത്തി മേഖല വഴിയുള്ള റാലിയുടെ ക്യാപ്റ്റനായിരുന്നു വൈശാഖൻ.
വൈശാഖന് പകരം ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി ശരത് പ്രസാദാണ് പുതിയ റാലി കാപ്റ്റൻ. പാർട്ടി നടപടിയെ കുറിച്ച് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
എല്ലാ ചാനലുകളിലും പ്രൈം ടൈം ചർച്ചകളിലെ സിപിഎം പ്രതിനിധിയായിരുന്നു വൈശാഖൻ. പാർട്ടിയെ പ്രതിരോധത്തിലാക്കിയ പല വിഷയത്തിലും ചാനലുകളിൽ എത്തി പ്രതിരോധം തീർത്തത് വൈശാഖനായിരുന്നു.
അതേസമയം സിപിഎമ്മിലെ വിഭാഗീയതയാണ് വൈശാഖനെതിരായ പരാതിക്ക് കാരണമെന്നാണ് മറു വിഭാഗം പറയുന്നത്. ജില്ലയിൽ നിന്നുള്ള എംഎൽഎയാണ് പരാതിക്ക് പിന്നിലെന്നും ആരോപണമുണ്ട്.