തിരുവനന്തപുരം: വിവിധ സംഭവങ്ങളിലായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. വിഴിഞ്ഞത്ത് വയോധികയുടെയും, കിളിമാനൂരില്‍ 60കാരിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. വിഴിഞ്ഞം തെന്നൂർക്കോണം പെട്രോൾ പമ്പിന് സമീപത്തെ ഓടയിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോവളം ആഴാകുളം സ്വദേശി വേലമ്മ (75) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിഴിഞ്ഞം മുക്കോല മേഖലകളിൽ ഭിക്ഷാടനം നടത്തി ജീവിക്കുകയായിരുന്നു. വാഹനം ഇടിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
കിളിമാനൂരില്‍ അറുപതു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിനു സമീപത്തെ തോട്ടിൽ കണ്ടെത്തിയത്. റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.