/sathyam/media/media_files/Tyme5m2ip6YcQQ8szLLE.jpg)
തിരുവനന്തപുരം: ആലപ്പുഴയിലെ വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമത്തിനായി ഡൽഹിയിൽ പറന്നെത്തി ഒരുക്കങ്ങളെല്ലാം നിർവഹിച്ച കെ.സി വേണുഗോപാൽ കോൺഗ്രസിന്റെ ദേശീയ മുഖവും ഇന്ത്യാമുന്നണിയുടെ നെടുംതൂണുമായി മാറിയ കാഴ്ചയാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനം കണ്ടത്.
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ 'ഇന്ത്യ' മുന്നണി ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തിയ മെഗാറാലി പ്രതിപക്ഷത്തിന്റെ ഐക്യകാഹളമായെങ്കിൽ അതിന്റെ മുഖ്യ അണിയറക്കാരൻ വേണുഗോപാലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താത്കാലിക അവധി നൽകിയാണ് വേണുഗോപാൽ ഡൽഹിയിൽ പറന്നെത്തി മഹാറാലി വൻവിജയമാക്കിയത്.
ഇടഞ്ഞു നിന്ന മമതാ ബാനർജിയടക്കം ഇന്ത്യാ സഖ്യത്തിലെ 28 രാഷ്ട്രീയപാർട്ടികളെയും ഒരു വേദിയിൽ കൈകോർത്ത് നിർത്തുന്നതിൽ കെ.സി വേണുഗോപാൽ വലിയ പങ്കാണ് വഹിച്ചത്. സീറ്റ് വിഭജനത്തെ ചൊല്ലി ബംഗാളിൽ ഇടഞ്ഞുനിന്ന മമതയെ അനുനയിപ്പിച്ച് തൃണമൂലിന്റെ പ്രതിനിധിയെ വേദിയിലെത്തിക്കാനും കേരളത്തിൽ കോൺഗ്രസിനെതിരേ മത്സരിക്കുന്ന സിപിഎം, സിപിഐ പാർട്ടികളുടെ ജനറൽ സെക്രട്ടറിമാരെ മഹാറാലിയിൽ അണിനിരത്താനും വേണുഗോപാലിന് കഴിഞ്ഞു.
/sathyam/media/media_files/tf2emzNqZdW0okjrYxNm.jpg)
ആലപ്പുഴയിൽ വേണുഗോപാലിനെതിരേ മത്സരിക്കുന്നത് സിപിഎമ്മും വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കുന്നത് സിപിഐയുമാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരെ ഇന്ത്യാമുന്നണിയുടെ ഭാഗമായി കോൺഗ്രസ് നേതാക്കളുടെ കൈ പിടിച്ച് രാംലീലാ മൈതാനത്ത് അണിനിരത്താൻ വേണുഗോപാലിന് കഴിഞ്ഞു.
രാജ്യമാകെ ഉറ്റുനോക്കിയ മഹാറാലിയിൽ നടത്തിപ്പുകാരന്റെയും മുഖ്യസംഘാടകന്റെയും സുപ്രധാന റോളിലായിരുന്നു വേണുഗോപാൽ. സംസ്ഥാനങ്ങളിൽ പരസ്പരം ഇടഞ്ഞുനിൽക്കുന്ന നേതാക്കളെയെല്ലാം സ്വീകരിച്ചിരുത്തി മുൻഗണനാപ്രകാരം പ്രസംഗിക്കാൻ അവസരം നൽകുന്നതിലും കൈകോർത്ത് പിടിച്ച് ഐക്യത്തിന്റെ സന്ദേശം രാജ്യത്തിന് നൽകുന്നതിലുമെല്ലാം വേണുഗോപാലിന്റെ സംഘാടന മികവാണ് ഡൽഹി കണ്ടത്.
/sathyam/media/media_files/wRewvEuw2OMV8aLsJ4pO.jpg)
കേജരിവാളിന്റെ അറസ്റ്റിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാക്കി മാറ്റാനാണ് പ്രതിപക്ഷം മഹാറാലി നടത്തിയത്. പാട്നയ്ക്കും മുംബയ്ക്കും പിന്നാലെ ഡൽഹിയിൽ നടത്തിയ മൂന്നാം റാലിയാണ് ശരിക്കും പ്രതിപക്ഷ ഐക്യത്തിന്റെ കാഹളമായി മാറിയത്.
കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാൾ, ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, സഞ്ജയ് സിംഗിന്റെ ഭാര്യ അനിതാ സിംഗ്, സത്യേന്ദർ ജെയിനിന്റെ ഭാര്യ പൂനം ജെയിൻ എന്നിവരെ വേദിയിലെത്തിച്ചത് സഹതാപ തരംഗമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
/sathyam/media/media_files/XDMsQv6RXtNvUy7HVdFN.jpg)
ഈ ആശയം അവതരിപ്പിച്ചത് വേണുഗോപാലായിരുന്നു. കേജ്രിവാളിന്റെ സന്ദേശം സുനിത വായിച്ചത് ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. സുനിത സിംഹിണിയെന്ന് നേതാക്കൾ വാഴ്ത്തി. പ്രസംഗിച്ചില്ലെങ്കിലും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സന്ദേശം ഡി.എം.കെയിലെ തിരുച്ചി ശിവ എം.പി വായിച്ചതും ഐക്യത്തിന്റെ സന്ദേശമാണ് രാജ്യത്തിന് നൽകിയത്.
മഹാറാലിയുടെ സംഘാടനത്തിലും വേണുഗോപാലിന്റെ മികവ് ഡൽഹി കണ്ടു. വേദിയുടെ ആദ്യവരിയിൽ തന്നെ രണ്ട് സീറ്റുകൾ ഒഴിച്ചിട്ടത് ഏറെ വൈകാരികമായി. കേജ്രിവാളിനെയും, ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തതിനാൽ അവർ തങ്ങൾക്കൊപ്പം സാന്നിദ്ധ്യമായി വേദിയിൽ ഇല്ലെങ്കിലും ഇരുവരെയും കുറിച്ച് ചിന്തിക്കുന്നുവെന്ന് നേതാക്കൾ വൈകാരികമായി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്തവരുടെ ഭാര്യമാരുടെ വൈകാരികമായ പ്രസംഗം ജനക്കൂട്ടം ആവേശത്തോടെ ഏറ്റെടുക്കുന്നതും മുദ്രാവാക്യം വിളികളാൽ രാംലീല മുഖരിതമാവുന്നതും രാജ്യം കണ്ടു. ഡൽഹിയിലെ ആം ആദ്മി, കോൺഗ്രസ് പ്രവർത്തകർ അടക്കം ലക്ഷങ്ങളാണ് രാംലീല മൈതാനിയിലേക്ക് ഒഴുകിയത്. ജമ്മു കാശ്മീരിൽ നിന്നുവരെ പ്രവർത്തകരെത്തി.
/sathyam/media/media_files/W2ed3IG267rTmKsb52v6.jpg)
തിരക്കേറിയതോടെ, ഒരുഘട്ടത്തിൽ പ്രവർത്തകരെ പാെലീസ് ഗേറ്റിന് മുന്നിൽ തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. പതിനായിരങ്ങൾ നേതാക്കളുടെ പ്രസംഗം കണ്ടത് രാംലീല മൈതാനിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സ്ക്രീനിലൂടെയാണ്.
നട്ടുച്ച നേരത്ത് സംഘടിപ്പിച്ച മഹാറാലിക്കെത്തിയ ജനക്കൂട്ടം എല്ലാവരുടെയും പ്രതീക്ഷ തെറ്റിക്കുന്നതായിരുന്നു. ഉച്ചയായതിനാൽ നേതാക്കളുടെ പ്രസംഗം നീണ്ടുപോവാതിരിക്കാനും സംഘാടനത്തിന്റെ ചുമതലയുള്ള വേണുഗോപാലിന് പിഴവ് പറ്റിയില്ല.
/sathyam/media/media_files/JVBcXRDakjfkD2fv8V8g.jpg)
നേതാക്കളെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിച്ചു. അതോടെ മഹാറാലി അതിന്റെ ഉദ്ദേശലക്ഷ്യങ്ങളേക്കാൾ വലിയ സ്വാധീനമാണ് ദേശീയ രാഷ്ട്രീയത്തിൽ ചെലുത്തിയത്. മഹാറാലിയുടെ അമരക്കാരനായി കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മിന്നിയത് മലയാളികൾക്കും അഭിമാനമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us