Advertisment

57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ; കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ്, കേരളത്തിന്റെ നിയമസഭയില്‍ പറഞ്ഞത് വേറെ കേസ്, പരസ്പര വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്ന് വിഡി സതീശന്‍

New Update
vd satheesan tvm-3

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര അവഗണനയാണെന്ന വ്യാഖ്യാനമുണ്ടാക്കി സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മറച്ചു വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Advertisment

കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ്, കേരളത്തിന്റെ നിയമസഭയില്‍ പറഞ്ഞത് വേറെ കേസ്. പരസ്പര വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

57,800 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ടെന്ന് പറയുന്നത് നുണയാണ്. പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണിത്. നിയമസഭയില്‍ ഇത് പ്രതിപക്ഷം പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയം, ധൂര്‍ത്ത്, അഴിമതി, കെടുകാര്യസ്ഥത എന്നിവയാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഒരുപാടു കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ അവഗണന.

പത്താം ധനകാര്യ കമ്മീഷനെയും പതിനഞ്ചാം ധനകാര്യ കമ്മീഷനെയും താരതമ്യപ്പെടുത്തി കിട്ടിയ കുറവാണ് പറയുന്നത്. പത്താം ധനകാര്യ കമ്മീഷന്‍ ഉണ്ടായത് 1995 ലാണ്. കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ്.

പതിനാലാം ധനകാര്യ കമ്മീഷനിലും പതിനഞ്ചാം ധനകാര്യ കമ്മീഷനിലും ലഭിച്ച കുറവാണ് കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. അവിടെ 90 ശതമാനം ജില്ലകളിലും വരള്‍ച്ചയാണ്. വരള്‍ച്ചാ ദുരിതാശ്വാസം കിട്ടിയിട്ടില്ല.

എട്ടുമാസത്തിനിടെ തെരഞ്ഞെടുപ്പു വാഗ്ദാനമായ നാലു സുപ്രധാന പദ്ധതികളാണ് കര്‍ണാടക നടപ്പാക്കിയത്. ഇവിടെ അഞ്ചുമാസമായിട്ട് പെന്‍ഷന്‍ പോലും കൊടുത്തിട്ടില്ല. കരാറുകാര്‍ക്ക് പണം കൊടുക്കുന്നില്ല.

വികസന പ്രവര്‍ത്തനങ്ങളോ സാമൂഹ്യക്ഷേമ പരിപാടികളോ ഇല്ല. എന്നിട്ട് വീണ്ടും കടമെടുക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടമെടുപ്പിന്റെ പരിധി ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നത്.

Advertisment