തിരുവനന്തപുരം: നടന്‍ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ എസിയില്‍ നിന്ന് വമിച്ച വിഷവാതകം (കാര്‍ബണ്‍ മോണോക്സൈഡ്) ശ്വസിച്ചത് മൂലമെന്ന് സംശയം.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് പാമ്പാടി കാളച്ചന്ത ഡ്രീം ലാന്‍ഡ് ബാറിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് 12നാണ് വിനോദ് ബാറിലെത്തിയതെന്ന് പോലീസ് പറയുന്നു. നേരം വൈകിയിട്ടും കാറിനുള്ളില്‍ നിന്നും ഇറങ്ങാതെ വന്നതോടെ സെക്യൂരിറ്റി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തുകയും വിനോദിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിയ്ക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മീനടം ഉണക്കപ്ലാവില്‍ തനിച്ചായിരുന്നു വിനോദിന്റെ താമസം. സംഭത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിനോദിന്റെ മരണ കാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണോ എന്ന് സംശയത്തിലാണ് പോലീസ്. ആന്തരികാവയവങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കുന്നത് തടയുകയാണ് കാര്‍ബണ്‍ മോണോക്സൈഡ് ചെയ്യുന്നത്. കാറിന്റെ എസി ഓണാക്കി ഉള്ളില്‍ ഇരിക്കുന്നവരും ഉറങ്ങുന്നവരും ഏറെ സൂക്ഷിക്കാനുള്ളത് കാര്‍ബണ്‍ മോണോക്സൈഡ് എന്ന വിഷവാതകത്തെയാണ്.
വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെങ്കില്‍ പോലും എന്‍ജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാതകം അല്പാല്പം ഉയരാന്‍ സാദ്ധ്യതയുണ്ട്. മണമോ നിറമോ ഇല്ലാത്ത വാതകമായതിനാല്‍ ഇത് നിറയുന്നത് അറിയില്ല. വിന്‍ഡോ ഗ്ളാസുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇത് ശരീരത്തിനുള്ളില്‍ എത്തിയാല്‍ മരണംവരെ സംഭവിക്കാം.