/sathyam/media/media_files/OpF8MCxV8Za7ezEBmYMq.jpg)
കൽപ്പറ്റ: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവ് വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ തെളിയുകയാണ്. വനമേഖലകളിൽ 30 ലക്ഷം ജനങ്ങളാണ് വന്യജീവി ആക്രമണ ഭീതിയിൽ വലയുന്നത്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം അടിക്കടിയുണ്ടാവുന്നു.
അപ്പോഴെല്ലാം വന്യജീവികളെ സംരക്ഷിക്കുകയാണ് വനംവകുപ്പിന്റെ മുഖ്യ ചുമതലയെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അടക്കം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ശല്യക്കാരായ വന്യജീവികളെ വെടിവയ്ക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ ഇരട്ടത്താപ്പാണ് വെളിച്ചത്താവുന്നത്.
"വന്യജീവി സംരക്ഷണ നിയമം 1972ലെ വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ പിടികൂടാനും, മയക്കുവെടി വയ്‌ക്കാനും കൊല്ലാനുമുള്ള അവകാശമുണ്ട്. അതിനാൽ ഈ നിയമം വേണ്ട വിധത്തിൽ ഉപയോഗിച്ച് വയനാട്ടിലെ കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാൻ തയ്യാറാവണം.' - ഭുപേന്ദർ യാദവ് പറഞ്ഞു.
നിരന്തരം ശല്യമാകുന്ന വന്യമൃഗങ്ങളെ തുരത്തുകയോ കൊല്ലുകയോ ചെയ്യണമെന്ന് ജനങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിയമങ്ങൾ തടസമാകും എന്നതായിരുന്നു കേരള സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നത്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന പത്ത് ലക്ഷം കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കിൽ അത് കൂട്ടാമെന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെടുന്നവർക്ക് നൽകുന്ന സഹായധനം പൂർണമായി സംസ്ഥാന വിഹിതമാണെന്നാണ് സർക്കാർ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. ഇതിന് വിരുദ്ധമായാണ് കേന്ദ്രമന്ത്രിയുടെ വാക്കുകൾ.
മനുഷ്യർക്ക് നേരെയുള്ള വന്യജീവി ആക്രമണം നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ടായിട്ടും അവർ അത് ഉപയോഗിക്കാത്തതുകൊണ്ടാണ് തനിക്ക് വയനാട്ടിലേക്ക് വരേണ്ട സാഹചര്യമുണ്ടായതെന്നാണ് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് വയനാട്ടിൽ പറഞ്ഞത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംസംരക്ഷണ സമിതി ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോളിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ്, കുടുംബാംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ തന്നെ വിളിച്ച് ഇവിടുത്തെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് വയനാട്ടിലേക്ക് വന്നത്. വന്യമൃഗശല്യം പരിഹരിക്കുന്നതിനായി കാടും നാടും വേർതിരിക്കണമെന്നും വനനിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും പോളിന്റെ കുടുംബാംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് അനുഭാവ പൂർവം പരിഗണിക്കാമെന്ന് ഉദ്ദേഹം ഉറപ്പ് നൽകി.
മനുഷ്യജീവനെടുക്കുന്ന അക്രമകാരികളായ വന്യജീവികളെ തത്സമയം വെടിവച്ചുകൊല്ലാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ആക്ഷേപം ഭയന്ന് ഉദ്യോഗസ്ഥർ അതിന് മുതിരാറില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1) എ അനുസരിച്ച് ആളെക്കൊല്ലികളായ വന്യജീവികളെ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകാം.
ഭീതിതമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെങ്കിൽ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടുകൂടിയായ സബ്കളക്ടർക്കും സി.ആർ.പി.സി 133 -1-എഫ് നിയമപ്രകാരം വെടിവയ്‌ക്കാൻ അനുമതി നൽകാം. അക്രമകാരിയായ വന്യമൃഗത്തിനെ വെടിവച്ചുകൊല്ലേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് കേന്ദ്ര വനം, വന്യജീവി മന്ത്രാലയത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പിന്നീട് കത്തുനൽകിയാൽ മതി.
എന്നാൽ പലപ്പോഴും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരും ഭരണനേതൃത്വവും താത്പര്യം കാണിക്കാറില്ല. പലകോണുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്ഷേപങ്ങൾ ഭയന്നാണ് ഇതിന് മടിക്കാറുള്ളത്.
അതിനിടെ, ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. വന്യജീവികൾ ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും കൃഷിക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്.
ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ വന്യജീവികളെ നശിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും തടസമാവുന്ന കർശന വ്യവസ്ഥകളടങ്ങിയ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും ചട്ടങ്ങളും മാനദണ്ഡങ്ങളും കാലാനുസൃതമായും പ്രായോഗിക വ്യവസ്ഥകൾ ഉൾപ്പെടുത്തിയും ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.