Advertisment

ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം: വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുവാദം തേടി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താതെ ബിജെപി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്ന് വനം മന്ത്രി

New Update
makhna

തിരുവനന്തപുരം: ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇന്നത്തെ നിയമം വച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാനാവില്ല.

Advertisment

വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുവാദം തേടി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താതെ ബിജെപി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുവെടി വച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. നിരീക്ഷണത്തിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും.

തണ്ണീർ കൊമ്പന്റെ അനുഭവം മുന്നിലുള്ളതിനാൽ കൂടുതൽ ജാഗ്രതയോടെയാവും ദൗത്യം പൂർത്തിയാക്കുക. ഇന്നലെ രണ്ടു പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നു. ജനരോഷവും ആനയുടെ ആക്രമണവുമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂർ മക്‌ന കർണാടക അതിർത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.

കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗർഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കർണാടക വനം വകുപ്പ് അറിയിച്ചു. 

Advertisment