തൃശൂര്‍: വനത്തില്‍ മറന്നുവച്ച കോടാലിയെടുക്കാന്‍ പോയ ആദിവാസി വയോധികയെ ഇനിയും കണ്ടെത്താനായില്ല.
പെരിങ്ങല്‍ക്കുത്ത് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിപാട്ടിക്ക് വേണ്ടി വനപാലകരും പൊലീസും ദിവസങ്ങളായി തിരച്ചില്‍ നടത്തുന്നു. ശാസ്ത്രീയമായ പരിശോധനകളിലും തെളിവൊന്നും ലഭിച്ചിട്ടില്ല. ഇന്നും വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം കോളനിയിലെ അമ്മിണി(75)യെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ വനത്തില്‍ മറന്നുവച്ച കോടാലിയെടുക്കാനാണ് തിങ്കളാഴ്ച അമ്മിണി വനത്തിലേക്ക് തിരിച്ചുപോയത്.
വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്ന് കോടാലി കണ്ടെത്തിയിരുന്നു.
വാര്‍ദ്ധക്യസഹജമായ രോഗങ്ങളുള്ളതിനാലും കാഴ്ചകുറവുള്ളതിനാലും വയോധിക വഴി തെറ്റി വനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.