തൃശൂര്‍: ലോക്സഭാ സീറ്റ് വിഭജനത്തിലേയ്ക്ക് കോണ്‍ഗ്രസ് കടക്കുന്നതിനിടെ ചാലക്കുടി മണ്ഡലത്തില്‍ സിറ്റിങ് എംപിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ പടയൊരുക്കം.
ബെന്നി ബഹന്നാന്‍ എംപിയെ ഇത്തവണ വീണ്ടും സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് , കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ എ ഐ സിസിക്കും കെപിസിസിക്കും കത്തയച്ചു.
മാള , കുഴൂര്‍ , പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ മേഖലകളില്‍ നിന്നുമാണ് ബെന്നിക്കെതിരെ നേതൃത്വങ്ങള്‍ക്ക് കത്ത് പോയിരിക്കുന്നത്. പതിറ്റാണ്ടുകളായി മത്സരിക്കുന്നവരെ മാറ്റി നിര്‍ത്തി പാര്‍ട്ടിയില്‍ തലമുറ മാറ്റം കൊണ്ടുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് എംപി നടത്തുന്നതെന്നാണ് 4 മണ്ഡലം കമ്മിറ്റികളില്‍ നിന്നായി പാര്‍ട്ടിക്ക് പോയിരിക്കുന്ന പരാതി. ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ പോലും സ്വീകാര്യത ഇല്ലാത്ത നേതാവിനെ മത്സരിപ്പിച്ചാല്‍ വിജയിക്കില്ലെന്ന മുന്നറിയിപ്പാണ് പ്രാദേശിക ഘടകങ്ങള്‍ നല്‍കുന്നത്.
പാര്‍ട്ടി കീഴ്ഘടകം പുനസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനപിന്തുണ ഉള്ള നേതാക്കളെ മാറ്റി നിര്‍ത്തി എംപിയുടെ ചില സ്വന്തം ആളുകളെ തിരുകി കയറ്റി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ബെന്നി ബഹന്നാല്‍ ശ്രമിക്കുന്നു എന്ന പരാതിയും ഇവര്‍ ഉന്നയിച്ചിട്ടുണ്ട് .