Advertisment

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നീണ്ടത് 22 മണിക്കൂര്‍, പരിശോധന പൂര്‍ത്തിയാക്കി സംഘം മടങ്ങി

New Update
karuvannoor

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് അവസാനിച്ചു. നീണ്ട  22 മണിക്കൂര്‍ റെയ്ഡില്‍ തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ  പരിശോധന പൂര്‍ത്തിയാക്കി സംഘം മടങ്ങിയത്. 

മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ ഇന്നലെ രാവിലെയാണ് റെയിഡ് ആരംഭിച്ചത്. കരുവന്നൂര്‍ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നും വീട് പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ്ണമായി താനതിനോട് സഹകരിച്ചെന്നും മൊയ്തീന്‍ പറഞ്ഞു. ക്രമരഹിതമായി വായ്പ കൊടുക്കാന്‍ ഞാന്‍ മാനദണ്ഡങ്ങള്‍ മാറ്റാന്‍ പറഞ്ഞു എന്ന് ഒരാളുടെ മൊഴി ഉണ്ടെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും റെയ്ഡിന് ശേഷം മൊയ്തീന്‍ പറഞ്ഞു. 

അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച  വിവരങ്ങള്‍ ഓഫീസില്‍ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീന്‍ വ്യക്തമാക്കി.

Advertisment