തൃശൂര്‍: എല്‍ഡിഎഫിനൊപ്പമാണെന്നും ഒരിക്കലും ബിജെപിയുമായി സഹകരിച്ചു പോകാനാകില്ലെന്നും തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. രണ്ടും രണ്ട് ആദര്‍ശമാണ്. സുരേഷ് ഗോപിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. അത് വോട്ടായെന്നും മേയര്‍ പറഞ്ഞു.
ബിജെപിയില്‍ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ബിജെപിയുമായി സഹകരിക്കാന്‍ കഴിയില്ല. വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്.
വികസനം നടത്തുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ട്. വികസനം നടത്താന്‍ തയ്യാറായാല്‍ കൂടെ നില്‍ക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താന്‍ അവര്‍ക്കൊപ്പം നില്‍ക്കും.
സുരേഷ് ഗോപിക്ക് വികസനത്തില്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യും. സിപിഐയുടെ എതിര്‍പ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വര്‍ഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകും. വികസനരംഗത്ത് രാഷ്ട്രീയമില്ലാതെ മുന്നോട്ടു പോകണം. എല്ലാ കാര്യത്തിലും രാഷ്ട്രീയം കണ്ടാല്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും.
സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നത് ചിന്തിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ അങ്ങനെയൊരു തീരുമാനമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അങ്ങനെയൊരു ചിന്ത ഇല്ലെന്നും മേയര്‍ പറഞ്ഞു.