കോട്ടപ്പുറം - മൂത്തകുന്നം പാലത്തിന്റെ തൂണുകൾ താഴ്ന്നു;കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പരാതിയുമായി ബെന്നി ബെഹനാൻ എംപി ; വിദഗ്ധ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടു

തൃശൂർ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അതീവ പ്രാധാന്യമുള്ള ഈ പാലത്തിന്റെ ബീമുകൾ സ്ഥാപിക്കുന്നതിനിടെയാണ് രണ്ട് തൂണുകൾക്ക് താഴേക്ക് ഇരുത്തം സംഭവിച്ചത്

New Update
benny bahanan

​ഡൽഹി: ദേശീയപാത 66-ന്റെ ഭാഗമായി കോട്ടപ്പുറം - മൂത്തകുന്നം മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ രണ്ട് തൂണുകൾ ഭാരം താങ്ങാനാവാതെ താഴ്ന്ന സംഭവത്തിൽ ബെന്നി ബെഹനാൻ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പരാതി നൽകി. 

Advertisment

തൃശൂർ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അതീവ പ്രാധാന്യമുള്ള ഈ പാലത്തിന്റെ ബീമുകൾ സ്ഥാപിക്കുന്നതിനിടെയാണ് രണ്ട് തൂണുകൾക്ക് താഴേക്ക് ഇരുത്തം  സംഭവിച്ചത്. 

ഇതേത്തുടർന്ന് ദേശീയപാത അതോറിറ്റി പാലത്തിന്റെ സ്ലാബ് നിർമ്മാണം ഉൾപ്പെടെയുള്ള തുടർന്നുള്ള ജോലികൾ നിർത്തിവെച്ചിരിക്കുകയാണ്.

​പാലത്തിന്റെ നിർമ്മാണ വേളയിൽ തന്നെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നതായി എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 

തൂണുകൾക്ക് മതിയായ കോൺക്രീറ്റ് കവറിംഗ് നൽകാത്തതിനാൽ കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലായിരുന്നുവെന്നും, ലവണാംശമുള്ള വെള്ളം നിൽക്കുന്ന പ്രദേശം ആയതിനാൽ ഇത് കമ്പികൾ വേഗത്തിൽ തുരുമ്പെടുക്കുന്നതിനും പാലത്തിന്റെ ആയുസ്സിനെ ബാധിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 

ഈ സാഹചര്യത്തിൽ പാലത്തിന്റെ ഘടനാപരമായ സുരക്ഷ പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ അടിയന്തരമായി നിയോഗിക്കണമെന്നും, കണ്ടെത്തുന്ന പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ബെന്നി ബെഹനാൻ എംപി ആവശ്യപ്പെട്ടു.

Advertisment