പാടൂർ: പെരിങ്ങാട് പുഴ സംരക്ഷിത വനമാക്കാനുള്ള സർക്കാർ കരട് വിജ്ഞാപനം റദ്ദാക്കുന്ന
കാര്യത്തിൽ സി പി എമ്മിന്റെ ഇരട്ടത്താപ്പും മണലൂർ എംഎൽഎയുടെ നിസ്സംഗതയും ജനം തിരിച്ചറിയുമെന്ന്
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പെരിങ്ങാട് പുഴ സംരക്ഷണ യാത്രയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളത്തിൽ പ്രമേയം കൊണ്ടു വന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സി പി എം ശ്രമിക്കുന്നത്. ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ സി പി എം ചെയ്യേണ്ടത്, ഭരണ നേതൃത്വത്തെക്കൊണ്ട് ഇക്കാര്യത്തിൽ തീരുമാനം എടുപ്പിക്കുകയാണ്.
എം എൽ എയും സി പി എം ഭരിക്കുന്ന തൃതല പഞ്ചായത്ത് ഭരണസമിതികളും ഇക്കാര്യത്തിൽ തുടയുന്ന മൗനവും നിസ്സംഗതയും സി പി എം കാപട്യത്തെ തുറന്നു കാട്ടുന്നതാണ് - അദ്ദേഹം പറഞ്ഞു.
വനത്തിന്റെ ഭാഗമല്ലാത്ത പുഴയെ റിസർവ്വ് ഫോറസ്റ്റ് ആക്കുകയെന്നത് രാജ്യത്ത് മുമ്പ് നടന്നിട്ടുള്ളതല്ല. കരട് വിജ്ഞാപനം പിൻവലിക്കുന്നതുവരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉണ്ടാകുമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ബി കെ സമീർ തങ്ങൾ അധ്യക്ഷത വഹിച്ചു.