/sathyam/media/media_files/2026/01/15/oppana-2026-01-15-23-19-05.jpg)
തൃശൂർ: കല്ല്യാണ ആഘോഷങ്ങളുടെ ഭാഗമായി മലബാർ മണ്ണിൽ പിറവി കൊണ്ട ജനകീയ കലാരൂപമായ കല്യാണപ്പാട്ട് അഥവാ വട്ടപ്പാട്ട് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ശ്രദ്ധേയമായി. ഉറവിടം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിലാണ് ഈ ഗാനസാഹിത്യ കലാരൂപം വ്യാപകമായി പ്രചരിച്ചത്.
കല്യാണപ്പാട്ട്, പുതിയാപ്പിളപ്പാട്ട് എന്നീ അപരനാമങ്ങളാൽ അറിയപ്പെടുന്ന വട്ടപ്പാട്ടിന് മലബാർ മേഖലകളിൽ തന്നെ പ്രത്യേകതരം ട്രൂപ്പുകളുണ്ടായിരുന്നു.
വിവാഹാഘോഷങ്ങൾക്ക് തീയതി മുൻകൂട്ടി നിശ്ചയിക്കുന്നതുപോലെ തന്നെ വട്ടപ്പാട്ട് അവതരിപ്പിക്കാനും നേരത്തെ തീയതി നിശ്ചയിക്കുന്ന പതിവ് നിലനിന്നിരുന്നു.
എട്ട് മുതൽ പത്ത് വരെ അംഗങ്ങളടങ്ങിയ സംഘങ്ങൾ വൈകുന്നേരം തന്നെ വരൻവീട്ടിൽ സന്നിഹിതരായി, പായയിലോ അതിനായി ഒരുക്കിയ പ്രത്യേക സ്ഥലത്തോ വട്ടത്തിൽ ഇരുന്ന് പാട്ട് ആരംഭിക്കുമായിരുന്നു.
ബിരുദവും മുനാജാത്തും ആലപിച്ച ശേഷം മംഗളഗാനം പാടി പരിപാടിക്ക് തുടക്കം കുറിക്കുന്നതാണ് വട്ടപ്പാട്ടിന്റെ ശൈലി. കഴിഞ്ഞ നൂറ്റാണ്ടിൽ മലബാർ മാപ്പിളമാരുടെ സന്തോഷ വേളകളിൽ അനിവാര്യ ഘടകമായിരുന്ന ഈ കലാരൂപം, രാത്രി നടക്കുന്ന കല്യാണാഘോഷങ്ങൾക്ക് നിറവും ആവേശവും പകരുന്നതായിരുന്നു. പെട്രോൾ മാക്സിന്റെ സ്വർണ്ണപ്രഭ വലയത്തിൽ, കല്യാണപ്പന്തലിൽ വിരിച്ച പായയിൽ വട്ടത്തിൽ ചമ്രംപടിഞ്ഞിരുന്നാണ് വട്ടപ്പാട്ട് അരങ്ങേറുന്നത്.
ബ്രിട്ടീഷ് വിരോധത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് ഭാഷയോട് അകന്ന് നിന്ന മലബാർ മുസ്ലിം സമൂഹം, അറബി-മലയാള സങ്കര ഭാഷയിലാണ് മാപ്പിളപ്പാട്ടുകൾ രചിച്ചിരുന്നത്. തമിഴ് ഭാഷയുടെ സ്വാധീനവും വട്ടപ്പാട്ടിൽ കാണാമെങ്കിലും, കലോത്സവ വേദികളിൽ ഓരോ വർഷവും പരിശീലകർ പുതുമയാർന്ന അവതരണ ശൈലികളാണ് അവതരിപ്പിക്കുന്നത്.
ബദറൂൽ മുനീർ–ഹുസുനുൽ ജമാൽ, യൂസഫ് നബി ചരിത്രം, മുഹമ്മദ് നബി (സ)യും ഖദീജ ബീവി (റ) യും തമ്മിലുള്ള വിവാഹകഥ, യുദ്ധചരിത്രങ്ങൾ എന്നിവയാണ് വട്ടപ്പാട്ടിന്റെ ഈരടികളായി പാടപ്പെടുന്നത്. അർത്ഥനിർഭരമായ വരികളും താളാത്മകമായ ഇശലുകളും ഒരേ സ്വരത്തിലും താളത്തിലും കൈകൾ കൊട്ടി ആലപിക്കുന്ന ഗാനശൈലിയുമാണ് വട്ടപ്പാട്ടിന്റെ പ്രത്യേകത.
ഒരാൾ ആലപിക്കുന്ന ഗാനം മറ്റ് അംഗങ്ങൾ കോറസ്സായി ഏറ്റുപാടുന്നതിലൂടെ പാട്ടിന് ഹൃദ്യതയും ഏകത്വവും കൈവരുന്നു.
സ്വാഗതഗാനത്തിന് സമാനമായ മംഗളഗാനം ആലപിച്ചുകൊണ്ട് ആരംഭിക്കുന്ന വട്ടപ്പാട്ട്, പൈതൃക സംഗീത പാരമ്പര്യത്തിന്റെ ഉജ്ജ്വല സ്മരണയായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us