Advertisment

വിശ്വൻ കിള്ളിക്കുളങ്ങരയുടെ സ്തോത്രമാലിക പന്തല്ലൂർ മുല്ലോർളിത്തേവർക്ക് സമർപ്പിച്ചു

സ്തോത്രങ്ങളുടെ സമാഹാരം ഇക്കഴിഞ്ഞദിവസം  'സ്തോത്രമാലിക' എന്ന പേരിൽ അച്ചടിമഷിപുരണ്ട സന്തോഷത്തിലാണ് വിശ്വനിപ്പോൾ. വിശ്വന്റെ തൂലികയിൽ വിരിഞ്ഞ കാവ്യകുസുമങ്ങൾ ഇനി ഭക്തന്മാരിലേയ്ക്ക്.  

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
viswan killikulangara

കാവ്യസപര്യയുടെ എഴുപത്തഞ്ചാണ്ട് 

Advertisment

തൃശ്ശൂർ: മലയാള കാവ്യഭാഷാസിദ്ധാന്തങ്ങളുടെ നിഷ്കർഷകളിൽ നിന്നും അണുവിട വ്യതിചലിയ്ക്കാതെ വൃത്തങ്ങളും അലങ്കാരങ്ങളും പ്രാസങ്ങളും കൃത്യമായി ഇഴപാകിയ മനോഹരമായ കാവ്യഭാവരൂപശില്പങ്ങളാണ് വിശ്വൻ കിള്ളിക്കുളങ്ങരയുടെ ഭക്തികാവ്യങ്ങൾ. തൃശ്ശൂർ ജില്ലയിലെ കൊടകരയ്ക്കടുത്ത് നെല്ലായി പന്തല്ലൂർ ഗ്രാമത്തിലെ വിശ്വന്റെ തൂലികയിൽ വിരിഞ്ഞ കാവ്യകുസുമങ്ങൾ ഇനി ഭക്തന്മാരിലേയ്ക്ക്.  

കവിതയ്ക്ക് വൃത്തം നിർബന്ധമാണോ അലങ്കാരങ്ങൾ ലക്ഷണമൊപ്പിച്ച് കവിതയിൽ എഴുതിച്ചേർക്കണമോ തുടങ്ങിയ നിലപാടുകളിൽ ഭാഷാശാസ്ത്രചിന്തകൾ എത്തിനിൽകുന്ന കാലത്ത് തന്റെ കാവ്യരീതികളിൽ വെള്ളം ചേർക്കാൻ വിശ്വൻ കിള്ളിക്കുളങ്ങര ഇന്നുവരെ തയ്യാറായിട്ടില്ല എന്നതാണ് എഴുത്തിന്റെ വഴിയിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.  അത്യന്തം ശ്രദ്ധയോടെ ചമത്കാര ഭംഗിയോടെ വാക്കുകളെ വിന്യസിയ്ക്കുന്ന ഭക്തികാവ്യഗീതികളാണ് വിശ്വന്റെ രചനകളെല്ലാം തന്നെ.

 പന്തല്ലൂർ ദേശദേവനായ മുല്ലോർളി മഹാവിഷ്ണുവിനെ പ്രകീർത്തിച്ചുകൊണ്ട് വിശ്വനെഴുതിയ സ്തോത്രങ്ങളുടെ സമാഹാരം ഇക്കഴിഞ്ഞദിവസം  'സ്തോത്രമാലിക' എന്ന പേരിൽ അച്ചടിമഷിപുരണ്ട സന്തോഷത്തിലാണ് വിശ്വനിപ്പോൾ. 

വായിപ്പിൻ നിങ്ങൾ 'സ്തോത്രമാലിക'യിതുഭക്ത്യാ 

വായിപ്പിൻ ദിനന്തോറും ചേറ്റുമേമടിക്കാതെ. 

ദേവീദേവന്മാർ പ്രീതിയ്ക്കുത്തമം, 

സർവ്വാഭീഷ്ടസിദ്ധിയ്ക്കും 

ജന്മപാപമുക്തിയ്ക്കുമത്യുത്തമം.

കൂരിരുട്ടത്തും നിങ്ങൾക്കീശ്വരപ്രസാദം തൂ-

വെട്ടമായ് തെളിയട്ടെ!

വഴികാട്ടിയായ് നിത്യം !

എന്ന് തന്റെ കാവ്യസമാഹാരത്തിന്റെ പുറംചട്ടയിൽ കവി പരിചയപ്പെടുത്തുന്നുണ്ട്. 

1950-ലായിരുന്നു വിശ്വന്റെ ജനനം. പന്തല്ലൂരിലെ കിള്ളിക്കുളങ്ങര ഇട്ടിക്കുഞ്ഞിയുടെയും കൊടകര മുണ്ടയ്ക്കൽ കാർത്യായനിയുടെയും മകനായ വിശ്വന് ചെറുപ്പത്തിലെ ഭാഷാ സാഹിത്യങ്ങളോടും കവിതകളോടും ഉള്ള കമ്പം ഉണ്ടായിത്തുടങ്ങിയത് അച്ഛന്റെ പുരാണപാരായണം കേട്ടാണ്. 

viswan killikulangara1

പന്തല്ലൂർ സ്വദേശി വിശ്വൻ കിള്ളിക്കുളങ്ങരയുടെ 'സ്തോത്രമാലിക' ഭക്തികാവ്യസമാഹാരത്തിന്റെ പ്രകാശനം നട്ടുവത്തു മനയ്ക്കൽ നാരായണൻ നമ്പൂതിരിക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് തന്ത്രി അഴകത്തു മനയ്ക്കൽ വിഷ്ണു നമ്പൂതിരി നിർവ്വഹിക്കുന്നു

പന്തല്ലൂരിലെ ജെ.യു.പി.എസ്., കൊടകര ജി.എൻ.ബി.എച്ച്.എസ്. എന്നിവിടങ്ങളിലെ പഠനകാലത്ത് വിശ്വന്റെ കഴിവു കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് അധ്യാപകരാണ്. ഹൈസ്‌കൂൾ പഠനകാലത്ത് കവിതകളും നോവലുകളും നന്നായി വായിക്കുമായിരുന്നു. സ്‌കൂൾ വാർഷികോത്സവവേളകളിൽ നടന്നിരുന്ന കവിതാരചനാമത്സരങ്ങളിൽ പങ്കെടുക്കമായിരുന്നു. ഏറ്റവും നല്ല കവിതയ്ക്കുള്ള സമ്മാനാർഹൻ സ്ഥിരമായി വിശ്വനായിരുന്നു. 

അക്കാലത്ത് തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ്സ് ദിനപ്പത്രത്തിൽ ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള സർഗ്ഗകൈരളി എന്നൊരു പംക്തിയുണ്ടായിരുന്നു. വെള്ളിയാഴ്ചതോറും ഈ പംക്തിയിൽ സ്ഥിരമായി വിശ്വന്റെ കവിതാപൂരണം പ്രസിദ്ധീകരിച്ചു വന്നിരുന്നു. ഇതിനെല്ലാം പ്രചോദനവും സഹായങ്ങളുമായി ഭാഷാധ്യാപകർ കൂടെയുണ്ടായിരുന്നതായി വിശ്വൻ ഓർക്കുന്നു.

ഹൈസ്‌കൂൾ പഠനകാലത്തിനുശേഷം മുതിർന്നപ്പോൾ പന്തല്ലൂരിലെ നവരത്ന കലാസമിതിയായിരുന്നു വിശ്വന്റെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ തട്ടകം. 1976-ൽ കലാസമിതിയുടെ തുടക്കത്തിൽ അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നവരിൽ പ്രധാനിയായിരുന്നു വിശ്വൻ. സമിതിയുടെ വാർഷികാഘോഷ വേളയിൽ കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി കഥാപ്രസംഗവും വിൽപ്പാട്ടും നിരവധിയെഴുതി.

viswan killikulangara2

പന്തല്ലൂർ മുല്ലോർളി മഹാവിഷ്ണുക്ഷേത്രത്തിലെ നാമജപസമിതി കവി വിശ്വൻ കിള്ളിക്കുളങ്ങരയെ പൊന്നാട ചാർത്തി ആദരിച്ചപ്പോൾ

കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ മറ്റിടങ്ങളിൽ അവതരിപ്പിച്ച് ശ്രദ്ധനേടിയതോടെ സമിതിയ്ക്ക് വേദികൾ കിട്ടിത്തുടങ്ങി. പരിപാടികളിലൂടെ സമിതിയുടെ പ്രവർത്തനത്തിനുള്ള ഒരു വരുമാനമാർഗ്ഗം കൂടിയായി വിശ്വന്റെ രചനകൾ. വിവാഹിതനായതോടെ സമിതിയുടെ പ്രവർത്തങ്ങളിൽ നിന്നും ഒഴിയുകയായിരുന്നു.

ബാലഗോകുലങ്ങൾക്കുവേണ്ടിയും വിവിധ ക്ഷേത്രങ്ങൾക്കുവേണ്ടിയും നിരവധി ഭക്തികാവ്യങ്ങൾ എഴുതി. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ തന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന കവനകലയെ കൂടുതൽ പരിപോഷിപ്പിക്കാനും ജനകീയമാക്കി ആസ്വാദകരിലേയ്ക്കെത്തിയ്ക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. എഴുപത്തഞ്ചാം വയസ്സിൽ ചെറുതെങ്കിലും ഒരു കാവ്യസമാഹാരം പുറത്തിറക്കാനായതിന്റെ സന്തോഷത്തിലാണ്  പന്തല്ലൂർക്കാരുടെ പ്രിയപ്പെട്ട കവി. കൊടകര ശാന്തി ആശുപത്രിയിൽ ജോലിയിലിരിയ്ക്കെ അസുഖബാധിതനായതിനെത്തുടർന്ന് അതുപേക്ഷിയ്ക്കേണ്ടിവന്നു.

stothramalika

മോഹിനിയാണ് ഭാര്യ. വിമൽ, വീണ എന്നിവരാണ് മക്കൾ. മുല്ലോർളി വിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ്ഭാഗവത സപ്‌താഹവേളയിൽ 'സ്തോത്രമാലിക'യുടെ പ്രകാശനകർമ്മം ക്ഷേത്രം മേൽശാന്തി നട്ടുവത്തു മനയ്ക്കൽ നാരായണൻ നമ്പൂതിരിക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് ക്ഷേത്രം തന്ത്രി അഴകത്തു മനയ്ക്കൽ വിഷ്ണു നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രത്തിലെ നാമജപസമിതി അദ്ദേഹത്തെ പൊന്നാട ചാർത്തി ആദരിച്ചു. 

Advertisment