/sathyam/media/media_files/2025/10/09/pm-sadiq-ali-2025-10-09-17-57-36.jpg)
മുസ്‌ലിം ലീഗ് മണലൂർ മണ്ഡലം ശില്പശാല സംസ്ഥാന സെക്രട്ടറി പി എം സാദിഖലി ഉദ്ഘാടനം ചെയ്യുന്നു.
വെങ്കിടങ്ങ്: വിശ്വാസത്തെ എതിർത്തും വിശ്വാസികളെ ചൂഷണം ചെയ്തും സിപിഎം കള്ളക്കളികൾ തുടരകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് മണലൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭൂരിപക്ഷ, ന്യൂനപക്ഷ വിശ്വാസികൾ സി പി എമ്മിന് തരാതരം അമ്മാനമാടാനുള്ള കളിക്കോപ്പുകൾ മാത്രമാണ്. വിശ്വാസത്തോട് അവർക്ക് യാതൊരു പ്രതിബദ്ധതയുമില്ല. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് നവോത്ഥാന മുന്നേറ്റം നടത്തിയവർ ഇപ്പോൾ അയപ്പസംഗമം നടത്തി വിശ്വാസികളെ പറ്റിക്കുന്നു.
എന്നാൽ ഇക്കാലയളവിൽ ശബരിമലയിൽ നിന്നും കോടികളുടെ സ്വർണം അടിച്ചു മാറ്റിയ കേസിൽ കൈ മലർത്തുകയും ചെയ്യുന്നു. സർക്കാരും ദേവസ്വം ബോർഡു മാണ് ഇതിന് സമാധാനം പറയേണ്ട ഉത്തരവാദികൾ.
സിഎഎ സമരത്തേയും പലസ്തീൻ പ്രക്ഷോഭത്തെയും പിന്തുണച്ചത് ന്യൂനപക്ഷ പ്രീണനമായിപ്പോയി എന്നാണ് സിപിഎം വിലയിരുത്തൽ. ബിജെപിയിലേക്ക് ചോർന്ന വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള അഭ്യാസമാണ് സിപിഎം ഇപ്പോൾ കളിക്കുന്നത്.
പിണറായി വിരുദ്ധത കൊണ്ടാണ് സിപിഎം വോട്ടുകൾ ചോരുന്നത് എന്ന് തിരിച്ചറിയാനുള്ള യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടത് സിപിഎമ്മിൻ്റെ കഷ്ട കാലത്തിൻ്റെ തുടക്കമാണെന്ന് സാദിഖലി പറഞ്ഞു.
പ്രസിഡണ്ട്പി എം ഷെരീഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എഎസ്എം അസ്‌ഗറലി തങ്ങൾ, അഡ്വ. വി.എം മുഹമ്മദ് ഗസ്സാലി, ആർ.എ അബ്ദുൽ മനാഫ്, എസ്ഇയു സംസ്ഥാന സെക്രട്ടറി അബ്ദുല്ല ബാബു, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ.എം സനൗഫൽ, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എസ്.എം അൽത്താഫ് തങ്ങൾ, ട്രഷറർ കമാൽ തോപ്പിൽ പ്രസംഗിച്ചു.
ഫക്രുദീൻ തങ്ങൾ, അഷ്‌റഫ് തങ്ങൾ, മജീദ് ഹസ്സൻ, അഷ്‌റഫ് ഹസ്സയ്നാർ, എൻ എ അബ്ദുറഹ്മാൻ, പരീത് പട്ടിക്കര, ഹസക്കുട്ടി ഹാജി എന്നിവരടങ്ങുന്ന പ്രസീഡിയം ക്യാമ്പ് നിയന്ത്രിച്ചു.