സർക്കാർ ജീവനക്കാരുടെ അസംതൃപ്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: പിഎം സാദിഖലി

New Update
state employs union

എസ് ഇ യു അവകാശ സംരക്ഷണ യാത്ര തൃശ്ശൂർ താലൂക്ക് ഓഫീസ് പരിസരത്ത് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂർ: ശമ്പള പരിഷ്കരണം തടഞ്ഞുവെച്ചും ഡി എ കുടിശ്ശിക വരുത്തിയും ജീവനക്കാരെ ദ്രോഹിക്കുന്ന ഇടതു സർക്കാരിന് തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലി പറഞ്ഞു. 

Advertisment

എസ് ഇ യു അവകാശ സംരക്ഷണ യാത്ര തൃശ്ശൂർ താലൂക്ക് ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം കൊണ്ടും വെള്ളക്കരം, വൈദ്യുതി ചാർജ്, പെർമിറ്റ് ഫീസ്, ഭൂനികുതി വർധനവുകൾ കൊണ്ടും ജനജീവിതം ദു:സ്സഹമാണ്. ഇതിനോട് പിടിച്ചുനിൽക്കാൻ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് സർക്കാർ ജീവനക്കാരാണ്. 

ജീവനക്കാർക്ക് മാസവരുമാനം ആനുപാതികമായ തോതിൽ ലഭിക്കുമ്പോൾ മാത്രമാണ് താഴെ തട്ടിലുള്ള ഇതര ജനവിഭാഗങ്ങൾക്കും ജീവിതാഭിവൃദ്ധി സാധ്യമാകുക.

പൊതുവിപണിയിൽ ചെലവഴിക്കുന്നതിന് അടിത്തട്ടിൽ പണലഭ്യത ഉറപ്പുവരുത്താതെ എങ്ങനെയാണ് നമ്മുടെ സാമ്പത്തിക മേഖല പുരോഗതി പ്രാപിക്കുക. കച്ചവടക്കാരും നിത്യ വരുമാനക്കാരുമായ സാധാരണക്കാർ ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ഇതിനെതിരയുള്ള ശക്തമായ ജനവിധി അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സാദിഖലി പറഞ്ഞു. 

ആശ വർക്കർമാക്ക് 400 രൂപയും തൊഴിലുറപ്പുകാർക്ക് 369 രൂപയും ദിവസ വേതനം ലഭിക്കുമ്പോൾ ജയിലില്‍ തടവുകാർക്ക് നൽകുന്നത് 620 രൂപയാണ്. ഇത്രയേറെ ദീർഘവീക്ഷണമുള്ള ഒരു സർക്കാർ കേരളം ഭരിച്ചിട്ടുണ്ടാകില്ല. തങ്ങളുടെ ഭാവി വേതനം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശുഷ്കാന്തിയെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് സാദിഖലി പരിഹസിച്ചു.

എസ് ഇ യു ജില്ല പ്രസിഡണ്ട് അബ്ദുള്ള കൊച്ചിക്കാരൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എസ് ഇ യു സംസ്ഥാന പ്രസിഡണ്ട് സിബി മുഹമ്മദ്‌, സംസ്ഥാന സെക്രട്ടറി ആമിർ കോഡൂർ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി എ ഷാഹുൽ ഹമീദ്, തൃശൂർ മണ്ഡലം പ്രസിഡണ്ട് സി സുൽത്താൻ ബാബു, ജനറൽ സെക്രട്ടറി സി കെ ബഷീർ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി ജെ ജെഫീക്ക്, എസ് ഇ യു സംസ്ഥാന ഭാരവാഹികളായ ബീരു പി മുഹമ്മദ്, ഹമീദ് കുന്നുമ്മൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അബ്ദുള്ളബാബു, അലി കരുവാരക്കുണ്ട്, സലീം കരുവട്ടൂർ, എസ് എൻ പുരം നൗഷാദ്, ജില്ല സെക്രട്ടറി കെ ഇ സുധീർ, സി എൻ അനൂപ്, അലിമോൻ, സലിം അലിക്കൽ പ്രസംഗിച്ചു.

Advertisment