Advertisment

സുരേഷ് ഗോപിയുടെ ജയത്തോടെ തൃശൂരിലെ രാഷ്ട്രീയത്തിൽ കാറും കോളും. കോൺഗ്രസിലെ തമ്മിലടിക്ക് പിന്നാലെ ഇടത് മുന്നണിയിലും തർക്കം രൂക്ഷം. ഭിന്നത കോർപ്പറേഷൻ മേയർ എം.കെ. വർഗീസിനെ മാറ്റുന്നതിനെ ചൊല്ലി. മേയറെ മാറ്റണമെന്ന് സ്ഥാനാർഥി സുനിൽ കുമാർ. നഗര ഭരണത്തിൽ അഞ്ചു കൊല്ലവും തികയ്ക്കുമെന്ന് മേയർ എം കെ. വർഗീസും

ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് മൃദു സമീപനം പുലർത്തിയ മേയർ എം കെ വർഗീസിനെ മാറ്റണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടതോടെയാണ് ഇടതുമുന്നണിയിൽ തർക്കം മുറുകിയത്. ആദ്യം മാധ്യമ അഭിമുഖത്തിലാണ് വേറെ മാറ്റണമെന്ന ആവശ്യം സുനിൽകുമാർ ഉന്നയിച്ചതെങ്കിൽ പിന്നെ അത് ടെലിവിഷൻ ചാനലുകൾക്ക് മുന്നിലും ആവർത്തിച്ചു.

New Update
mk varghese vs sunil kumar suresh gopi

തൃശൂർ: ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതോടെ സംസ്കാരിക തലസ്ഥാനത്ത് ബി.ജെ.പി. ഒഴികെയുള്ള എല്ലാ പാർട്ടികളിലും കലഹം. മൂന്നാം സ്ഥാനത്ത് പോയ തോൽവിയോടെ കോൺഗ്രസിൽ തമ്മിലടി ആണെങ്കിൽ ഇടതുമുന്നണിയിൽ കോർപ്പറേഷൻ വേറെ ജോലിയാണ് അടി മൂക്കുന്നത്.  

Advertisment

ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് മൃദു സമീപനം പുലർത്തിയ മേയർ എം കെ വർഗീസിനെ മാറ്റണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടതോടെയാണ് ഇടതുമുന്നണിയിൽ തർക്കം മുറുകിയത്. ആദ്യം മാധ്യമ അഭിമുഖത്തിലാണ് വേറെ മാറ്റണമെന്ന ആവശ്യം സുനിൽകുമാർ ഉന്നയിച്ചതെങ്കിൽ പിന്നെ അത് ടെലിവിഷൻ ചാനലുകൾക്ക് മുന്നിലും ആവർത്തിച്ചു.


സുനിൽ കുമാറിൻ്റെ പ്രസ്താവന വിവാദമായതോടെ മേയറെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തിയ സി.പി.എം നേതൃത്വം ചർച്ച നടത്തി. സി.പി.എം നേതൃത്വത്തിൻ്റെ പ്രതിരോധ ശ്രമങ്ങൾ കണ്ടതോടെ സി.പി.ഐ ജില്ലാ സെക്രട്ടറിയും കളത്തിലിറങ്ങി. മേയർ എം.കെ. വർഗീസ് ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചു എന്നത് വി.എസ് സുനിൽകുമാറിന് ബോധ്യപ്പെട്ട കാര്യമാകാമെന്ന് വ്യക്തമാക്കിയ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്,  പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അറിയിച്ചു.


ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മേയറിൽ നിന്നുണ്ടായ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. ഒന്നു രണ്ട് സമയങ്ങളിൽ മേയറിൽ നിന്നുണ്ടായത് അംഗീകരിക്കാനാവാത്ത പ്രസ്താവനയും പെരുമാറ്റവുമാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു. എന്നാൽ മേയറെ മാറ്റണെമെന്ന സുനിൽ കുമാറിൻ്റെ ആവശ്യം സി.പി.ഐ ജില്ലാ നേതൃത്വം അതേപടി ഏറ്റെടുത്തില്ല എന്നത് ശ്രദ്ധേയമായി. 

നിലവിൽ മേയറെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.കെ വത്സരാജ് വ്യക്തമാക്കി. ഇതിനിടെ കോർപ്പറേഷൻ കൗൺസിലർമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മേയറെ വിമർശിച്ച് സി.പി.ഐ വനിതാ കൗൺസിലർ രംഗത്ത് എത്തിയത് വിവാദം ആളിക്കത്തിച്ചു. മുന്നണയിൽ വിവാദം ആളിക്കത്തിയിട്ടും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലാണ് മേയർ എം കെ വർഗീസിന്റെ നിലപാട്.


നഗരസഭാ ഭരണ സമിതിക്ക് അവശേഷിക്കുന്ന ഒരു വർഷ കാലാവധി പൂർത്തിയാക്കുമെന്നാണ് മേയർ എം.കെ വർഗീസിൻ്റെ പ്രഖ്യാപനം. സി.പി.എം നേതൃത്വത്തിൻ്റെ  ഉറച്ച പിന്തുണ തനിക്കുണ്ടെന്നും മേയർ വ്യക്തമാക്കി. സുരേഷ്ഗോപിയോട് പ്രത്യേക മമതയില്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ നാടിന് ഗുണകരമായ പദ്ധതികൾ നടപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും എം.കെ വർഗീസ് പ്രതികരിച്ചു.


സി.പി.എംനേതൃത്വവുമായുള്ള ചർച്ചക്ക് മുൻപും ചർച്ചക്ക് ശേഷവും മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു മേയറുടെ നിലപാട് പ്രഖ്യാപനം. മേയറെ നീക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ സി.പി.എം ജില്ലാ നേതൃത്വം മേയർക്ക് ഒപ്പമാണെന്ന സന്ദേശം വെളിപ്പെടുത്തുകയും ചെയ്തു.

തൃശൂരിലെ മാറിയ രാഷ്ട്രീയ സാഹചര്യം മനസിലാക്കി കോൺഗ്രസ് വിമതനായി ജയിച്ചു വന്ന മേയറെ കൂടെ നിർത്താൻ തന്നെയാണ് സി.പി.എമ്മിൻ്റെ തീരുമാനം. സി.പി.ഐ യുടെ എതിർപ്പുകൾ കാര്യമായി ഗൗനിക്കേണ്ടെന്നാണ് സി.പി.എം നേതൃത്വത്തിലെ ധാരണ. മേയറെ കടുത്ത ഭാഷയിൽ വിമർശിച്ച് കൊണ്ടുള്ള സി.പി.ഐ കൗൺസിലറുടെ ശബ്ദ രേഖയിൽ പാർട്ടിയുടെ നീരസവും അതൃപ്തിയും എല്ലാം വ്യക്തമാണ്.

വാട്സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശം ചോർന്ന് പുറത്ത് എത്തുകയായിരുന്നു. "ഇത്രമാത്രം പുകഴ്ത്താൻ  സുരേഷ് ഗോപിയിൽ, മേയർ എന്താണ് കണ്ടത്. മേയർ തരം താണിരിക്കുന്നു. മേയർക്ക് വോട്ടുചെയ്ത നിമിഷത്തെ ശപിക്കുന്നു. നിരവധി വികസനം കൊണ്ടുവന്ന സുനിൽ കുമാറിനെക്കുറിച്ച് ഒരു നല്ലവാക്ക് പറയാത്ത മേയറോട് പുച്ഛം തോന്നുന്നു.

എം.കെ. വർഗീസ് മേയറായത് സ്വന്തം കഴിവു കൊണ്ടല്ല. സുരേഷ് ഗോപിയെക്കുറിച്ച് 916 എന്ന് പറഞ്ഞ് എന്താണ് ? മേയർ ബിജെ.പിക്ക് ഒപ്പം നിന്ന് വേണം അവരെ പ്രശംസിക്കാൻ, എൽഡിഎഫിൻ്റെ പിന്തുണയോടെ മേയർ കസേരയിലിരുന്ന് പ്രശംസിക്കരുത്. രാജിവെച്ചിട്ട് വേണം പ്രശംസിക്കാാൻ " സി.പി.ഐ കൗൺസിലർ ബീനാ മുരളിയുടെ ശബ്ദ രേഖയിൽ ഇതാണ് പറയുന്നത്. 

എന്നാൽ മേയർ എം.കെ. വർഗീസ് ഈ വിമർശനങ്ങെളെല്ലാം തള്ളുകയാണ്. "സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമൊന്നുമില്ല. എം.പി യും എം.എൽ.എയും ഏത് പാർട്ടി ആയാലും കോർപ്പറേഷനും ജനങ്ങൾക്കും ഗുണപരമായ പദ്ധതികൾക്കായി നിലകൊള്ളും. എൽ.ഡി.എഫ്  പിന്തുണയുള്ള മേയറായി തന്നെ തുടരും.


കോർപ്പറേഷനിലേക്ക് വന്ന സുരേഷ് ഗോപിക്ക് ചായ കൊടുത്തതും സംസാരിച്ചതും ചിലയാളുകൾ തെറ്റായി വ്യാഖ്യാനിച്ചു. സ്വകാര്യ ഹോട്ടലിൽ വെച്ച് സുരേഷ് ഗോപിയെ കണ്ടത് യാദൃശ്ചികമായിരുന്നു. ഒന്ന് സംസാരിക്കുമ്പോഴേക്ക് രാഷ്ട്രീയമായി കാണുന്നത് തെറ്റായ രീതിയാണ്. ഇതു വരെയും ഇനിയങ്ങോട്ടും എൽ.ഡി.എഫിന്റെ ഭാഗമായി തന്നെ നിൽക്കും.


ഞാൻ രാജി വയ്ക്കണമെന്ന് വി. എസ് സുനിൽകുമാർ പറയുമെന്ന് കരുതുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഖേദകരമാണ്. സി.പി.എം എന്നോടൊപ്പം ഉണ്ട്. എന്നെ മേയറാക്കിയ സി.പി.എമ്മുമായി നല്ല ബന്ധമാണ്. അവർ എന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല.

സുനിലും രാജനുമായി നല്ല ബന്ധം. പിന്നെ ഞാനെന്തിന് ബാലിശമായ കാര്യത്തിൽ ഇടപെടണം. സുരേഷ് ഗോപി എം പിയാകാൻ ഫിറ്റ്‌ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പത്രിക തള്ളികളയുമായിരുന്നില്ലേ " മേയർ എം.കെ. വർഗീസ് പ്രതികരിച്ചു.

കോൺഗ്രസിെലെ അടിക്ക് ഒപ്പം എൽ.ഡി.എഫിലും തർക്കം രൂക്ഷമായതോടെ തൃശൂരിലെ രാഷ്ട്രീയ രംഗം ആക്ഷൻ സിനിമ പോലെയായി. മേയറെ മാറ്റണെമെന്ന സുനിൽ കുമാറിൻ്റെ  ആവശ്യം നിരാകരിച്ചാൽ മുന്നണി ബന്ധം വഷളാകാനാണ് സാധ്യത. എന്നാൽ ജില്ലയിലെ സി.പി.ഐയിൽ ഒരു വിഷയത്തിലും ഏകാഭിപ്രായമില്ല. കുറഞ്ഞത് 3  ഗ്രൂപ്പുകൾ എങ്കിലും ജില്ലയിൽ ഉണ്ട്. ഇതാണ് മേയറെ മാറ്റണെമെന്ന ആവശ്യം നിരാകരിക്കാൻ സി.പി.എമ്മിന് ആത്മവിശ്വാസം നൽകുന്നത്.

Advertisment