തൃശൂർ: മലയാളത്തിലെ യാത്ര വിവരണ പുസ്തകങ്ങളുടെ ശ്രേണിയിലേക്ക് ശ്രദ്ധേയമായ മറ്റൊരു പുസ്തകം കൂടി. സാംഗ് മ കുട്ടൻ എഴുതി, ചിത്രരശ്മി ബുക്സ് പ്രസിദ്ധീകരിച്ച 'കുവാരി പാസ്സ്' എന്ന സഞ്ചാര സാഹിത്യ കൃതി കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ പ്രകാശനം നടത്തി.
പൂര്‍ണമായും പഠന-വിജ്ഞാന യാത്രയായി മാറിയിട്ടുണ്ട് ഈ പുസ്തകം. ഒരു യാത്രികയുടെ ശരിയായ സമർപ്പണവും ധീരതയുമാണിത്. അറിവിനായുള്ള ദാഹം വര്‍ധിച്ച് അന്വേഷണ ത്വരയോടെ അത്ഭുതത്തോടെയും ആദരവോടെയും കൗതുകത്തോടെയും കാണുന്ന ഹിമാലയ ട്രക്കിങ് യാത്രയുടെ നേർക്കാഴ്ചയാണ് സാംഗ്മ കുട്ടൻ എഴുതിയിരിക്കുന്നതെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
നിരവധി ലോക രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുള്ള സഞ്ചാര സാഹിത്യകാരൻ ഷെരീഫ് ഇബ്രാഹിം ആണ് പുസ്തകം പ്രകാശനം ചെയ്തത്.ഗോപി മാമ്പുള്ളി അധ്യക്ഷനായി.
ഹിമാലയ പര്‍വത പാര്‍ശ്വങ്ങളും താഴ്‌വരകളും കണ്ട ഒരു യാത്രികയുടെ മികവാർന്ന അവതരണമാണ് കുവാരി പാസ്സ് എന്ന പുസ്തകം.
നൂറ്റാണ്ടുകളായി സഞ്ചാരികൾക്കും സാഹസികർക്കും ആത്മീയ അന്വേഷകർക്കും കൗതുകത്തിൻ്റെ ഉറവിടമായ ആ പർവതനിരകളിലേക്ക്, ഒരു എഴുത്തുകാരിയുടെ ശാന്തതയുണർത്തുന്ന പ്രണയാതുരമായ യാത്ര.
കഥാകൃത്ത് സതീഷ് മാമ്പ്ര പുസ്തകപരിചയം നടത്തി.കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മോഹൻദാസ് ചക്കാമഠത്തിൽ,കേരള കാർഷിക സർവകലാശാല പ്രൊഫസർ ഡോ.അബ്ദുൽ ഹക്കീം, കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് എക്സി. എഞ്ചിനീയർ സ്റ്റിജോ ജോർജ്,സിനി ആർട്ടിസ്റ്റ് കല്യാണിക്കുട്ടി, സൈഫുദ്ധീൻ പാലക്കാട്, മീന മാധവ് ഇരിഞ്ഞാലക്കുട,നിഷ പെരിഞ്ഞനം തുടങ്ങിയവർ സംസാരിച്ചു. പുസ്തകത്തിന്റെ രചയിതാവ് സാംഗ്മകുട്ടൻ മറുമൊഴി നടത്തി.