തൃശ്ശൂർ: ലഹരിമുക്ത നവകേരളമെന്ന മുദ്രാവാക്യവുമായി അധികാരമേറ്റ കേരള സർക്കാർ 'ലഹരിയാസക്ത കേരള'മാണ് സൃഷ്ടിക്കുന്നതെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ മദ്യ വിമോചന മഹാസഖ്യം പ്രസിഡൻ്റ് ഇ.എ. ജോസഫ് ആരംഭിച്ച 102 മണിക്കൂർ ഉപവാസ സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം ഏറ്റവും വലിയ സാമൂഹ്യ വിപത്താണെന്നും അതിനാൽ അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കില്ലെന്നും ഒരു തുള്ളി മദ്യം പോലും അധികം നല്കില്ലെന്നും പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ കടുത്ത ജനവഞ്ചനയാണ് തുടരുന്നത്.
/sathyam/media/media_files/2025/01/31/gCm8vifiYArGGt66mkzz.jpg)
മുക്കിലും മൂലയിലും മദ്യശാലകൾ ആരംഭിക്കുന്നതിനോടൊപ്പം ബ്രൂവറി - ഡിസ്റ്റലറി കൾ ആരംഭിച്ച് കേരളത്തെ അക്ഷരാർത്ഥത്തിൽ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ്. നയവഞ്ചന എന്നതിനോടൊപ്പം പുതിയ നീക്കങ്ങൾ കേരളത്തെ സർവ്വനാശത്തിലേക്ക് നയിക്കുമെന്നും ചാർളി പോൾ തുടർന്നു പറഞ്ഞു.
യോഗത്തിൽ വിത്സൺ പണ്ടാരവളപ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് വടക്കൂട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബേബി മൂക്കൻ, കെ. എ. മഞ്ജുഷ, തോമസ് എലവുത്തിങ്കൽ, സിജോ ഇഞ്ചോടിക്കാരൻ, റപ്പായി പാലമറ്റം, ജോസി ചീനിക്കൽ, ബേബി കണ്ണം പടത്തി, പോൾ ചെവിടൻ, ഹരി വെള്ളാനി, നദിറ അബ്ദുൾ ഖാദർ, ഡേവീസ് കുണ്ടുകുളങ്ങര, ഷാജു ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.