തൃശൂർ: കേരളം മുഴുവൻ ലഹരിക്കെതിരെ മുന്നേറുമ്പോൾ തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ മനക്കലപ്പടി എന്ന ജനവാസ പ്രദേശത്ത് അനുവദിച്ച ബീവറേജ് ഔട്ലെറ്റിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നേറുവാൻ തീരുമാനിച്ചിരിക്കുന്നു.
കൊടുങ്ങല്ലൂർ തൃശൂർ റോഡിൽ ചാപ്പാറയിൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മാറ്റിയ ഔട്ട്ലെറ്റ് ഇന്നിപ്പോൾ മെയിൻറോഡിലെ ഫുഡ്‌ലാന്റ് റെസ്റ്റോറന്റിനുള്ളിൽ ആണ് വരുന്നതെന്ന് നാട്ടുകാർക്ക് വിവരം ലഭിച്ചപ്പോൾ രാഷ്ട്രീയം മാറ്റിവെച്ചുകൊണ്ട് ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
സ്ഥലം എംഎൽഎ യെയും എംപിയെയും നേരിട്ട് കണ്ടുകൊണ്ട് നിവേദനം കൊടുക്കുന്നതോടൊപ്പം ജനകീയ സമരസമിതിക്ക് രൂപം കൊടുക്കുകയും ചെയ്തുകഴിഞ്ഞു .
ഈ സ്ഥലത്തിന്റെ തൊട്ടടുത്തായി മുപ്പത് മീറ്ററിനുള്ളിൽ ആചാരിമാരുടെ ഒരു അമ്പലവും, മെഡിഗ്രീൻ എന്ന പേരിലുള്ള ആശുപത്രിയും സ്ഥിതി ചെയ്യുന്നതിനാൽ അളവുകളിൽ കൃത്രിമം കാണിച്ചുകൊണ്ടാണ് സ്ഥലമുടമ ബീവറേജിനായി അപേക്ഷിച്ചിരിക്കുന്നത്.
ജനങ്ങൾക്കിടയിൽ ലഹരിക്കെതിരെ ക്യാമ്പയിനുകളും മറ്റും ഒരു ഭാഗത്ത് പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഒരു സംഭവം അറിഞ്ഞില്ലെന്ന മട്ടിൽ സ്ഥലമുടമ പെരുമാറുമ്പോൾ അതിനെ എന്തുവിലകൊടുത്തും ചെറുക്കും എന്നുതന്നെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഉള്ള സംഘടനകൾ അഭിപ്രായപ്പെടുന്നത്.
തൊട്ടടുത്തുള്ള വീട്ടുകാരുടെ അനുമതിയൊന്നുമില്ലാതെ സ്ഥലമുടമ കാര്യങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഏത് വിധേനയും ചെറുക്കുവാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.
കേരള മദ്യവർജ്ജന സമിതി, ലഹരിമുക്ത കേരളം, മഹാത്മാഗാന്ധി മദ്യ നിരോധന സമിതി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റിലേ സത്യാഗ്രഹവും, കൂടാതെ സ്ഥലമുടമയുടെ വീടിന്റെ മുന്നിലും അവരുടെ കുടുംബ വീടിന്റെ മുന്നിലും നിരാഹാര സത്യാഗ്രഹവും പ്രതിഷേധ ധർണ്ണയും നടത്തുവാനാണ് ജനകീയസമിതി തീരുമാനിച്ചിരിക്കുന്നത്.