തൃശൂര്‍: കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ വീശിയ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം.
ഏതാനും നിമിഷം മാത്രം നീണ്ട കാറ്റില്‍ ഏതാനും വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയതടക്കം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കാറ്റടിച്ചത്. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഈ പ്രദേശത്ത് ചുഴലിയടിച്ചിരുന്നു. അന്നും ഏറെ നാശനഷ്ടമുണ്ടായി. ഇതിന്റെ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കവുങ്ങും ജാതിയുമടക്കം നിരവധി ഫലവൃക്ഷങ്ങളും കാറ്റില്‍ നശിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്.