വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം: നിരവധി വീടുകൾ വെള്ളത്തിലായി, തെങ്ങുകളും മരങ്ങളും കടപുഴകി

New Update
vadanappally beach

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷം. നിരവധി വീടുകൾ വെള്ളത്തിലായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. സിവാൾ റോഡും തകർന്നു. വീടിനുള്ളിൽ വെള്ളം കയറുകയും തകരുകയും ചെയ്ത വടക്കൻ കുഞ്ഞയ്യപ്പക്കുട്ടിയുടെ വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. 

Advertisment

ശക്തമായ തിരമാലയിൽ വെള്ളം ആഞ്ഞടിച്ച് വീടുകളിലേക്ക് കയറുകയായിരുന്നു. കര തുരന്ന് തിര ആഞ്ഞടിക്കുന്നതോടെയാണ് തെങ്ങുകൾ കടപുഴകിയത്. കടലോര മേഖലയിലെ വീടുകളിലും പറമ്പിലും വെള്ളം കെട്ടി നിൽക്കുകയാണ്. ഇനിയും കടലാക്രമണം ശക്തമായാൽ വീടുകൾ തകരുമെന്ന അവസ്ഥയാണ്.

വാടാനപ്പള്ളി ബീച്ച് മുതൽ പൊക്കാഞ്ചേരി ബീച്ച് വരെയാണ് കടലാക്രമണം രൂക്ഷം. ശനിയാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും മഴയുമാണ്. ഇതോടൊപ്പമാണ് തിര ആഞ്ഞടിച്ചും കരയിലേക്ക് വെള്ളം കയറുന്നത്.

കടലാക്രമണ വിവരമറിഞ്ഞ് തളിക്കുളം ബ്ലോക്ക് പ്രസിഡൻ്റ് കെ.സി . പ്രസാദ്, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി, പഞ്ചായത്തംഗങ്ങളായ സി എം. നിസാർ, നൗഫൽ വലിയ കത്ത്, വാടാനപ്പള്ളി വില്ലേജ് ഓഫീസർ എന്നിവർ പ്രദേശം സന്ദർശിച്ചു. 

കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കാൻ തയ്യാറായെങ്കിലും മാറി താമസിക്കാൻ താൽപ്പര്യമില്ലെന്ന് കുടുംബങ്ങൾ അറിയിച്ചു. ഇതോടെ വീടുകളിൽ തന്നെയാണ് കുടുംബങ്ങൾ കഴിയുന്നത്.

Advertisment