കുന്നംകുളം: തൃശൂർ ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈകീട്ട് 7.15 ടെയാണ് പഴുന്നാന ചൂണ്ടൽ റോഡിൽവച്ച് കാർ കത്തിയത്. പഴുന്നാന സ്വദേശി കെ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. കുന്നംകുളം അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. ആർക്കും പരിക്കില്ല.
അപകട സമയത്ത് കാറിൽ കുട്ടികൾ ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നതായാണ് സൂചന. വെട്ടുകാടുള്ള ഷെൽജിയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് യാത്രികർ പെട്ടെന്ന് വാഹനത്തിൽ നിന്നിറങ്ങി. അൽപസമയം കഴിയുമ്പോഴേക്കും തീ ആളി പടർന്നു. തുടർന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥൻ രവീന്ദ്രൻ, അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരായ ലൈജു,രഞ്ജിത്ത്, വിഷ്ണു, ജോസ്, നവാസ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനാസംഘം സ്ഥലത്തെത്തി തീ അണച്ചു.