തൃപ്രയാർ: ഉദ്ഘാടനത്തിനൊരുങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കും സെവൻസ് ഫുട്ബോൾ ഗ്രൗണ്ടും. തീരദേശത്തെ ആദ്യത്തെ ആധുനിക സജ്ജീകരണങ്ങളുള്ള കളിക്കളമാണ് ഗവ. ഫിഷറീസ് സ്കൂളിൽ ഒരുങ്ങിയത്.
ഏഷ്യൻ ഗെയിംസ് താരം ആൻസി സോജൻ ഉൾപ്പെടെയുള്ള കായിക താരങ്ങളെ സൃഷ്ടിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച ഗ്രൗണ്ട് ഇനി അന്തർദേശീയ നിലവാരത്തിൽ.
സംസ്ഥാന സർക്കാർ 2021–22 വർഷത്തെ ബജറ്റിൽ അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ആറ് ലൈനുകൾ ഉള്ള ഫുൾ പിയു 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ബർമുഡ ഗ്രാസ് പിടിപ്പിച്ച സെവൻസ് ഫുട്ബോൾ ഗ്രൗണ്ട്, ലോങ് ജംപ് പിറ്റ്, ഗേറ്റ്, ചുറ്റുമതിൽ, ശൗചാലയ സമുച്ചയം, വെള്ളം ഒഴുകിപ്പോകാനുള്ള കാന, കായിക താരങ്ങൾക്ക് ഡ്രസ്സിങ് റൂം.
കിണർ, ലൈറ്റുകൾ, പമ്പ് ഹൗസ് തുടങ്ങിയവയാണ് തയ്യാറായിട്ടുള്ളത്. നടുവിലാണ് സെവൻസ് ഫുട്ബോൾ ഗ്രൗണ്ട്. ഗീതാഗോപി നാട്ടിക എംഎൽഎ ആയിരിക്കെ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്.
തുടർന്ന് സി സി മുകുന്ദൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കൂടുതൽ തുക വകയിരുത്തി പദ്ധതി യാഥാർഥ്യമാക്കിയത്. 16ന് രാവിലെ 10ന് മന്ത്രി വി അബ്ദുറഹിമാൻ അന്താരാഷ്ട്ര കളിക്കളം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് മുഖ്യാതിഥിയാകും, സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനാകും.