/sathyam/media/media_files/WHZA7dK8YYSVw83C7lGD.jpg)
കൽപ്പറ്റ: ബസും വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്. വയനാട് കൽപ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.
ജെന്‍സണ് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ശ്രുതിക്ക് കാലിലാണ് പരിക്ക്. ജെൻസണെ മൂപ്പൻസ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ശ്രുതി കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജെൻസണും ശ്രുതിയും കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിന്‍റെ മുന്‍ഭാഗം തകർന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
വയനാട് ഉരുള്‍പൊട്ടലില്‍ പിതാവിനെയും, മാതാവിനെയും, അനിയത്തിയെയും ശ്രുതിക്ക് നഷ്ടമായിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.
ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഉറ്റവര്‍ നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതിയെ ജെന്‍സണ്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു.