വയനാട്: മാനന്തവാടി സ്വദേശി അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന ആനയെ മയക്കു വെടി വയ്ക്കുവാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. ആനയെ ഇതുവരെ മയക്കുവെടി വയ്‌ക്കാൻ സാധിക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ വൻ മുന്നൊരുക്കങ്ങളുമായി അധികൃതർ ദൗത്യം തുടരുകയാണ്.
നിലവിൽ ആന മണ്ണുണ്ടി മേഖലയിലാണുള്ളതെന്നാണ് വിവരം. മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും പ്രദേശത്തെ അടിക്കാടാണ് ആനയെ കീഴടക്കാനുള്ള ദൗത്യത്തിന് വെല്ലുവിളിയാകുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ന് വനംമന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് എംഎൽഎമാർ മാർച്ച് നടത്തും. കൊലയാളി ആനയെ തളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട് ജില്ലാ കളക്ടർ രേണു രാജ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ 12 മുതൽ 15 വരെ ഡിവിഷനുകളായ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.