/sathyam/media/media_files/zkKtMLKTJpU0udRsLLPc.jpg)
വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ വീടുകളിൽ സന്ദര്‍ശനം നടത്തി മന്ത്രമാർ. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനൊപ്പം, റവന്യു വകുപ്പ് മന്ത്രി കെ രാജനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷും വയനാട്ടിൽ അടുത്തിടെ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി.
മോഴയാന ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകനായ പടമല സ്വദേശി അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിമാരോട്, "ഇനി കാട്ടിലോക്ക് പോകു, മൃഗങ്ങൾ വോട്ട് തരും," എന്ന് പറഞ്ഞാണ് അജീഷിന്റെ മകൻ പ്രതിഷേധം അറിയിച്ചത്.
ഇതിനുശേഷം തോല്‍പ്പെട്ടി സ്വദേശിയായ ലക്ഷ്മണന്റെയും, വെളളമുണ്ട പുളിഞ്ഞാല്‍ സ്വദേശിയായ തങ്കച്ചന്റെയും വീടുകളിൽ മന്ത്രിമാർ സന്ദർശിച്ചു.
വയനാട്ടിൽ കഴിഞ്ഞ ദിവസം ശക്തമായ പ്രക്ഷേഭങ്ങൾക്ക് കാരണമായ, കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട വാച്ചർ, പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട്ടിലും, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലും, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം സ്വദേശി ശരത്തിന്റെ വീട്ടിലും, മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി.
ചെവ്വാഴ്ച കൂടിയ അവലോകന യോഗത്തിനുശേഷമായിരുന്നു, ആക്രമണങ്ങൾക്ക് ഇരയായവരുടെ വീടുകളിൽ മന്ത്രിമാർ സന്ദർശനം നടത്തിയത്. വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും മന്ത്രിമാർ സന്ദർശനം നടത്താൻ വൈകിയതിൽ അജീഷിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം അറിയിച്ചു.