മാനന്തവാടി: കൊലയാളി ആന ബേലൂർ മാഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വനം വകുപ്പ്. നിലവിൽ മാനന്തവാടിക്കടുത്ത് മണ്ണുണ്ടി മേഖലയിലാണ് ആന ഉള്ളതെന്നാണ് റേഡിയോ കോളർ സിഗനലിൽ നിന്നുള്ള വിവരം.
ഇതനുസരിച്ച് വനം വകുപ്പിന്റെ പ്രത്യേക സംഘം ഈ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. ദൗത്യത്തിനായി കുങ്കിയാനകളേയും സ്ഥലത്തേക്ക് എത്തിച്ചുകഴിഞ്ഞു. അനുയോജ്യമായ സ്ഥലത്തേക്ക് ആന എത്തിയാൽ ഉടൻ തന്നെ മയക്കുവെടി വെക്കാനാണ് വനം വകുപ്പിന്റെ നീക്കം. അതേ സമയം നിലവിൽ ആന ഉണ്ടെന്ന് പറയുന്ന മണ്ണുണ്ടിയും ജനവാസ മേഖലയാണ്. ഇത് വനം വകുപ്പിന്റെ ദൗത്യത്തെ ശ്രമകരമാക്കും.
കർണ്ണാടക വനാതിർത്തിയായ ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് മണ്ണുണ്ടി കോളനി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ തന്നെ ആന സ്വയം കാട്ടിലേക്ക് കയറി പോകാനുള്ള സാധ്യതയും വനം വകുപ്പ് കാണുന്നു.
എന്നാൽ ഇത്തരത്തിൽ ആനയെ കാട്ടിലേക്ക് കയറ്റി വിടരുതെന്ന നിലപാടാണ് പ്രദേശ വാസികൾക്കുള്ളത്. ആനയെ മടക്കുവെടി വെച്ച് പിടികൂടിയില്ലെങ്കിൽ അത് വീണ്ടും കാടിറങ്ങുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.
ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂർ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇത് ആനയെ കൃത്യമായി മാർക്ക് ചെയ്ത് പിടികൂടാനുള്ള വനം വകുപ്പിന്റെ നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഏത് സമയത്തും ദൗത്യം ആരംഭിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.
ഇന്നലെ വെളുപ്പിനെയോടെയാണ് കൊലയാളി കാട്ടാന വയനാടിനെ ആകെ ഭീതിയിലാക്കി നാട്ടിലേക്കിറങ്ങിയത്. ആനയെ കണ്ട് ഭയന്നോടിയ അജീഷിനെ ഒരു വീടിന്റെ ഗേറ്റ് തകർത്തെത്തിയാണ് ആന അതിക്രൂരമായി കൊലപ്പെടുത്തിയത്.
അജീഷിന്റെ മരണത്തിന് പിന്നാലെ വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് മാനന്തവാടിയിൽ അരങ്ങേറിയത്. സര്‍വകക്ഷി യോഗത്തില്‍ അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി ഉൾപ്പെടെയുള്ള നഷ്ടപരിഹാരങ്ങൾ നൽകാമെന്ന് ഉറപ്പുകിട്ടിയതോടെയാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ നാട്ടുകാർ തയ്യാറായത്.