വയനാട്ടില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് സ്‌കൂള്‍ അധികൃതരുടെ പീഡനം മൂലമല്ല: ഇന്‍സ്റ്റാഗ്രാം സുഹൃത്ത് പിടിയില്‍

New Update
54555

വയനാട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിലായി. വയനാട്ടിലെ അലീന ബെന്നി ആത്മഹത്യ ചെയ്‌ത സംഭവത്തിലാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ(20) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് നൂൽപ്പുഴ പൊലീസ് വെള്ളിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. 

Advertisment

ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അലീനയെ കഴിഞ്ഞ 20നാണ് ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ സൈബർ സെൽ പരിശോധനയ്ക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് ആത്മഹത്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായത്. ആദിത്യനുമായുള്ള വഴക്കിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. 

പെൺകുട്ടിയും യുവാവും തമ്മിൽ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു. ഇൻസ്റ്റഗ്രാം ചാറ്റിലൂടെ ആദിത്യൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇത് പ്രണയബന്ധത്തിലേക്ക് വഴിമാറുകയുമായിരുന്നു. എന്നാൽ ഇതിനിടെ ആദിത്യൻ മറ്റൊരു പെൺകുട്ടിയുമായി സൗഹൃദം ആരംഭിച്ചു. ഈ വിവരം അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ നിരവധി തവണ വഴക്കുണ്ടായിട്ടുണ്ടെന്നാണ് വിവരം. 

മറ്റൊരു പെൺകുട്ടിയുമായി ആദിത്യന്  ബന്ധമുണ്ടെന്ന് അറിഞ്ഞതോടെയാണ് അലീന ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ നൂൽപ്പുഴ എസ്എച്ച്ഒ എജെ അമിത് സിംഗിൻ്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലിസ്ഥലത്ത് നിന്നും ആദിത്യനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Advertisment