/sathyam/media/media_files/fXXUVI9LofdLCNlEnuJd.jpg)
മാനന്തവാടി: കൊലയാളി മോഴയാന ബേലൂര്‍ മഖ്‌ന ഇരുമ്പുപാലം കോളനിക്കടുത്തെത്തി. രാത്രിയിൽ കാട്ടിക്കുളം–തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്ത് എത്തിയത്. കാട്ടാനയെ ട്രാക്ക് ചെയ്യുന്ന സംഘം വനത്തിനുള്ളിൽ പ്രവേശിച്ചു. പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഏഴാം ദിവസത്തിലേക്ക് കടന്നു. മയക്കുവെടി വിദഗ്ധന്‍ വനം വെറ്ററിനറി സീനിയര്‍ സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 200 അംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലക സംഘവുമുള്‍പ്പെടെ 225 പേരാണ് കൊലയാളി ആനക്കായി തിരച്ചില്‍ നടത്തുന്നത്.
ഇടതൂര്‍ന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിന് തുടര്‍ച്ചയായി വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്.
കുങ്കിയാനകളുടെയും ഡ്രോണ്‍ കാമറകളുടെയും സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. രാത്രികാല നിരീക്ഷണം ശക്തമാക്കാനും ദൗത്യസംഘം തീരുമാനിച്ചിരുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ആറു മുതല്‍ 11 വരെ വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.