/sathyam/media/media_files/0fcBmJdfGz8gTpphnKz6.jpg)
മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്ന വീണ്ടും കേരള കർണാടക വനാതിർത്തിയായ ബാവലി വനമേഖലയിൽ. ട്രാക്കിങ് ടീമും ഡോക്ടര്‍ അരുണ്‍ സക്കറിയ ഉൾപ്പെടുന്ന മയക്കുവെടി സംഘവും സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്.
ദൗത്യം നീളുന്നതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തിൽ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഗ്നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഗ്ന തമ്പടിച്ചത്. മയക്കു വെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ അടുത്ത് കിട്ടിയില്ല. ഈ ദിവസങ്ങൾക്കിടെ ദൗത്യ സംഘം ആനയെ നേരില്‍ കണ്ടത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ്.
ഇതിനിടയില്‍ രണ്ട് വട്ടം ദൗത്യസംഘം മയക്കുവെടി ഉതിര്‍ത്തിരുന്നു. തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന അടിക്കാടിന്റെ മറവ് പറ്റി ബേലൂര്‍ മഗ്ന അതിവേഗം നീങ്ങുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്.