Advertisment

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ 21 പ്രതികൾ

സിദ്ധാർത്ഥൻ്റെ മരണത്തിൽ ചില വിദ്യാർത്ഥികളുടെ പേരുകൾ കുടുംബം പരാമർശിച്ചിരുന്നു. ഇവരിൽ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുമോയെന്ന് വ്യക്തമല്ല. നിലവിൽ പേര് പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
CBI on Siddarthan Murder Case

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാ‍ർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതിപ്പട്ടിക തയ്യാറാക്കി സിബിഐ. പട്ടിക വലുതാകുമെന്നാണ് സിബിഐ  നൽകുന്ന സൂചന. കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ 21 പ്രതികളാണുള്ളത്.

Advertisment

നേരത്തെ കേസ് അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് 20 പേരെയാണ് പ്രതി ചേർത്തിരുന്നത്. ഇവർക്ക് പുറമെ ഒരാൾ കൂടി സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്. എന്നാൽ ഇയാളുടെ പേര് പരാമർശിച്ചിട്ടില്ല.

സിദ്ധാർത്ഥൻ്റെ മരണത്തിൽ ചില വിദ്യാർത്ഥികളുടെ പേരുകൾ കുടുംബം പരാമർശിച്ചിരുന്നു. ഇവരിൽ ആരിലേക്കെങ്കിലും സിബിഐയുടെ അന്വേഷണം നീളുമോയെന്ന് വ്യക്തമല്ല. നിലവിൽ പേര് പരാമർശിക്കാതെയാണ് 21-ാമത്തെ ആളെ എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നത്.

ദില്ലിയിൽ നിന്നുള്ള സിബിഐ സംഘം കഴിഞ്ഞ ദിവസം  വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശം നൽകിയത്. 

കഴിഞ്ഞ ദിവസം ഉച്ചയോടെ സിബിഐ സംഘം വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണനുമായി സംസാരിച്ചിരുന്നു. സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനുമായും സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു.

വൈത്തിരി റസ്റ്റ് ഹൗസിലാണ് സിബിഐയുടെ താൽക്കാലിക ക്യാമ്പ്. ദില്ലിയിൽ നിന്ന് ഒരു എസ്.പിയുടെ നേതൃത്വത്തിൽ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. 

Advertisment