വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ല

New Update
wayanaUntitled

വയനാട്: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചതായി അറിയിപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻറേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.

Advertisment

ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിൻ്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിലായി. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. 

കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുൽ‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസ് എടുത്തിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെയാണ് കേസ്.

ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ‌വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്.

വനം വകുപ്പിൻറെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

 സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Advertisment